Latest News From Kannur

എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും; വിശദമായ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്

0

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അറിയിച്ചു. മുസ്ലിം ലീഗ് നേതാവു കൂടിയായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുകയാണെന്നും, ഇതോടൊപ്പം എസ്‌ഐആര്‍ നടത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചു. ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബിഎല്‍എമാര്‍ ജീവനൊക്കിയ സംഭവവും കോടതിയില്‍ പരാമര്‍ശിച്ചു. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ എസ്‌ഐആറിനെതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്നും, എല്ലാ ഹര്‍ജികളും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എസ്‌ഐആറിനെതിരെ കേരള സര്‍ക്കാര്‍, രാഷ്ട്രീയ പാർട്ടികളായ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം എന്നിവയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. സിപിഐയും ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ഏതു ബെഞ്ചാകും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ബിഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ഇപ്പോഴും ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലാണ്.

Leave A Reply

Your email address will not be published.