Latest News From Kannur

കേരളം ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്ന് തെളിയിച്ചു;

0

തിരുവനന്തപുരം : കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് തെളിയിച്ചുവെന്ന് കെ. സുരേന്ദ്രന്‍. കേരളത്തിലും ബിജെപിക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞ 15 വര്‍ഷത്തെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. മറ്റേതൊരു പാര്‍ട്ടിയോടും കിടപിടിക്കാന്‍ കഴിയുന്ന ജനപിന്തുണയും സംഘടനാശേഷിയുമുള്ള പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കൂടിയായ കെ. സുരേന്ദ്രന്‍.

എത്രയൊക്കെ പരിശ്രമിച്ചാലും കേരളം ബി.ജെ.പിക്ക് ബാലികേറാ മലയായി നില്‍ക്കുമെന്നായിരുന്നു പ്രതീതി. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളം ബാലികേറാമലയല്ലെന്ന് ബിജെപി തെളിയിച്ചു. ബി.ജെ.പിയെ അവഗണിക്കാന്‍ എത്ര വലിയ ശ്രമം ഉണ്ടായാലും, അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി ബി.ജെ.പി മാറിക്കഴിഞ്ഞു. അടുത്തിടെ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട്, ബഹുഭൂരിപക്ഷം സമയവും കേരളത്തിലെ ബി.ജെ.പിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കേരളത്തിന് ഇപ്പോള്‍ ലോക്‌സഭയിലും എംപിയുണ്ടായിരിക്കുന്നു. കേരളത്തില്‍ ഐഡിയോളജിക്കല്‍ ഷിഫ്റ്റ് വരാന്‍ പോകുന്നു. പരാജയപ്പെട്ട ആശയങ്ങളില്‍ നിന്നും മാറി പുതിയ ആശയത്തെ കേരളത്തിലെ ജനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരിയായ പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, കെ. സുരേന്ദ്രന്‍, പി. സി. ജോര്‍ജ്, ശോഭ സുരേന്ദ്രന്‍, എം. ടി. രമേശ്, അനില്‍ ആന്റണി, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, എ. എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു. ഐകകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് 19.24 ശതമാനത്തിലേറെ വോട്ടു നേടാന്‍ സാധിച്ചു. നരേന്ദ്രമോദിയുടേയും രാജീവ് ചന്ദ്രശേഖറിന്റെയും നേതൃത്വത്തില്‍ ബി.ജെ.പി കേരളത്തില്‍ പടര്‍ന്നു പന്തലിക്കട്ടെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് അധികാരം പിടിക്കാനാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന് കൈമാറി. തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സ് ബുക്കും പാര്‍ട്ടി പതാകയും സ്ഥാനമൊഴിയുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നല്‍കി.

Leave A Reply

Your email address will not be published.