കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വീണ്ടും നോട്ടീസ് നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെതന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.
പാര്‍ട്ടിയുടെ മുഖപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയ ബുധനാഴ്ച (ജൂണ്‍ 8ന്) ഹാജരാകണമെന്നാണ് ഇ.ഡി. നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് ബാധിച്ചതിനാല്‍ സോണിയാ ഗാന്ധി ഇ.ഡിയോട് മൂന്നാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു. ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയോട് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിദേശത്തായിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് 13-ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.