തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇന്ദ്രന്‍സിന്റെ ഹോം മികച്ച ചിത്രത്തിനുള്ള മത്സരത്തില്‍ മുന്നിലെന്ന് സൂചന. നായാട്ട്, കുരുതി, നിഷിദ്ധോ തുടങ്ങിയ ചിത്രങ്ങളും പരിഗണനയിലുണ്ട്. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്കാര പ്രഖ്യാപനം.
മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മൂന്നുപേര്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. ഫഹദ് ഫാസില്‍, ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരാണ് പരിഗണനയിലുള്ളത്. ജോജി, മാലിക് എന്നീ സിനിമകളിലെ പ്രകടനമാണ് ഫഹദിനെ പരിഗണനയിലെത്തിച്ചത്.
ആര്‍ക്കറിയാം സിനിമയിലെ അഭിനയം ബിജു മേനോനെയും, നായാട്ട്, മധുരം എന്നീ സിനിമകളിലെ പ്രകടനം ജോജുവിനെയും അന്തിമപട്ടികയിലിടം നേടാന്‍ സഹായകമായി. ഹോമിലെ മികച്ച അഭിനയത്തിലൂടെ ഇന്ദ്രന്‍സും ജൂറിയുടെ സജീവ പരിഗണനയിലുണ്ട്.
മികച്ച നടിയായി രേവതി, നിമിഷ സജയന് എന്നിവരാണ് മുന്‍നിരയിലുള്ളത്. ഭൂതകാലം എന്ന സിനിമയിലെ അഭിനയമാണ് രേവതിയെ മുന്നിലെത്തിച്ചത്. നായാട്ട്, മാലിക് തുടങ്ങിയ സിനിമകളിലെ അഭിനയമാണ് നിമിഷ സജയനെ മുന്‍ നിരയിലെത്തിച്ചിട്ടുള്ളത്. ഗ്രേസ് ആന്റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്, മഞ്ജു വാര്യര്‍ തുടങ്ങിയവരും മികച്ച നടിക്കായുള്ള മത്സരരംഗത്തുണ്ട്.
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്മാന്.ഇത്തവണ 140 ഓളം സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. ഇതില്‍ 45 ഓളം സിനിമകള്‍ അന്തിമ റൗണ്ടില്‍ എത്തിയെന്നാണ് വിവരം. ഏഴ് കുട്ടികളുടെ ചിത്രങ്ങളും പുരസ്കാരത്തിനായി പരിഗണനയിലുൾപ്പെട്ടിട്ടുണ്ട്.