Latest News From Kannur

ഹെഡ്‌ഗേവാറിന്റെ പേരില്‍ കയ്യാങ്കളി; പാലക്കാട് നഗരസഭയില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു

0

പാലക്കാട് : ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്‌ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും ചെയ്തതോടെ സിപിഎം, യുഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരനെ കയ്യേറ്റം ചെയ്തതായി ബിജെപി ആരോപിച്ചു. കയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭാ ഹാളില്‍ കുഴഞ്ഞുവീണു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹെഡ്‌ഗേവാറിന്റെ പേര് വിവാദത്തിന് പിന്നാലെ ആദ്യം ചേരുന്ന കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്. നഗരസഭ യോഗത്തില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ആരാണ് ഹെഡ്ഗേവാര്‍ എന്നു സിപിഎം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗണ്‍സിലര്‍മാരും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഇതാണ് ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്. സ്‌പെഷ്യല്‍ സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം സ്‌പെഷ്യല്‍ സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ പറഞ്ഞു. കൗണ്‍സില്‍ ഹാളിലെ പ്രതിഷേധം നഗരസഭാ ചെയര്‍പേഴ്‌സന്റെ ഓഫീസിന് മുന്നിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.