പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പിന് തടസ്സങ്ങൾ നീങ്ങുന്നു

പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പിന് തടസ്സങ്ങൾ നീങ്ങുന്നു

പുതുച്ചേരി മുനിസിപ്പൽ–പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുങ്ങുന്നു.

മാഹി , പുതുചേരി : 2006ന് ശേഷം നടത്താതെ തുടരുന്ന പുതുച്ചേരി മുനിസിപ്പൽ–പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് വഴിയൊരുങ്ങുന്നു. വാർഡ് പുനർനിർണയവും പിന്നോക്ക വിഭാഗ സംവരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുന്നതോടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം രൂപപ്പെടുന്നത്.
വാർഡ് പുനർനിർണയം 2021 ജൂണിൽ പൂർത്തിയായിരുന്നുവെങ്കിലും പിന്നോക്ക വിഭാഗങ്ങൾക്ക് നൽകിയ സംവരണം സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീണ്ടുപോയിരുന്നു. തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ 2021 ഏപ്രിൽ 5ന് നിർദേശിച്ചിരുന്നു. തുടർന്ന് വിജ്ഞാപനം വന്നെങ്കിലും കേസുകളുടെ പശ്ചാത്തലത്തിൽ മദ്രാസ് ഹൈ കോർട്ട് തിരഞ്ഞെടുപ്പ് താൽക്കാലികമായി തടഞ്ഞിരുന്നു.
പിന്നോക്ക വിഭാഗങ്ങളുടെ ഡാറ്റ ശേഖരിച്ച് സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കാൻ സർക്കാർ ജസ്റ്റിസ് കെ. കെ. ശശിധരനെ ഏകാംഗ കമ്മീഷനായി നിയമിച്ചിരുന്നു. വിവിധ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും കണക്കുകൾ നൽകുന്നതിൽ ഉണ്ടായ താമസമാണ് റിപ്പോർട്ട് വൈകാൻ കാരണമായത്. കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് മാർച്ച് 13ന് സർക്കാരിന് സമർപ്പിക്കാനിരിക്കുകയാണ്.
റിപ്പോർട്ട് ലഭിക്കുന്നതോടെ തിരഞ്ഞെടുപ്പ് നടത്താനുള്ള തടസ്സങ്ങൾ മാറുമെന്നും ഹൈക്കോടതി സ്റ്റേ ഒഴിവാക്കി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി നാല് കേസുകൾ സുപ്രീംകോടതിയിലും അഞ്ചു കേസുകൾ മദ്രാസ് ഹൈക്കോടതിയിലും അഡ്വ. അശോക് കുമാർ നൽകിയിട്ടുണ്ട്.