*പൂതുച്ചേരി മുസ്ലിം ലീഗിലെ അഭ്യന്തര കലഹം: ദേശീയ നേതൃത്വം ഇടപെടണം*
പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗിൽ ഉടലെടുത്തിട്ടുള്ള അഭ്യന്തര കലഹത്തിന് പരിഹാരം കാണാൻ ദേശിയ നേതൃത്വം ഇടപെടണമെന്ന് മുസ്ലിംലീഗ് ദേശിയസമിതിയഗം ടി.ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ടിന്റെ ഏകപക്ഷിയമായ പ്രവർത്തനത്തിലൂടെ മാഹിയിലെ മുസ്ലിംലീഗ് പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കയാണെന്ന് അദ്ദേഹം മാഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. 2022 ലും 2024 ലും പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമയോടെ പാർട്ടിയെ നയിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും ഒരുവിഭാഗം അതിനെതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനാപരമായി ലീഗിന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ജില്ലാ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ അധികാരം ഉണ്ടെന്നിരിക്കെയാണ് മുൻസിപ്പാൽ കമ്മിറ്റികൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിനായി മാഹിയുടെ ചുമതല സംസ്ഥാന പ്രിൻസിപ്പൽ വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലിക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മാഹി ടൗൺ, ഈസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ കമ്മിറ്റി രൂപീകരിച്ചത്. അല്ലാതെ യാതൊരു വിധത്തിലുള്ള പാർട്ടി വിരുദ്ധ പ്രവർത്തനവും നടന്നിട്ടില്ല. ലീഗിന് മാഹി ഉൾപ്പെടെ പുതുച്ചേരിയിൽ 4 സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങൾ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന പ്രിൻസിപ്പൽ വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി, മാഹി മുൻസിപ്പൽ പ്രസിഡണ്ട് എ.വി.യൂസഫ്, ജന.സിക്രട്ടറി മുഹമ്മദ് ഇഫ്തിയാസ്, 2022ട്രഷറർ തയ്യുള്ളതിൽ റഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.