സമ്പൂര്‍ണ പുനഃസംഘടനയ്ക്കായി സുധാകരന്‍ ഒഴിയണം’; ഹൈക്കമാന്‍ഡ് നിര്‍ദേശം സുധാകരന്‍ തള്ളി, റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ. സുധാകരനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സുധാകരന്‍ അതു തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ട്. പുനഃസംഘടനയ്ക്കു വഴിയൊരുക്കുന്നതിനു പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ ഉടച്ചുവാര്‍ക്കലാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് തലപ്പത്ത് യുവരക്തങ്ങളെ അടക്കം കൊണ്ടുവരാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതെന്നും ദീപ ദാസ് മുന്‍ഷി സുധാകരനെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുധാകരന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടാന്‍ കഴിയാത്തതും മാറ്റത്തിന് കാരണമായി പരിഗണിക്കപ്പെട്ടു. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദേശത്തെ കെ. സുധാകരന്‍ തള്ളിക്കളയുകയായിരുന്നു.
കെ.പി.സി.സിയില്‍ നിലവിലുള്ള ഒഴിവുകള്‍ ഉടനടി നികത്തുകയാണ് വേണ്ടതെന്നാണ് കെ .സുധാകരന്‍ അഭിപ്രായപ്പെട്ടത്. ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സുധാകരന്‍ നിഷേധിച്ചു. കെ.പി.സി.സി പ്രസിഡന്റ് പദവി മാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്നത് ചില ചാനലുകള്‍ നടത്തുന്ന ഊഹാപോഹങ്ങളാണെന്ന്, പിന്നീട് കെ. സുധാകരന്‍ പ്രതികരിച്ചിരുന്നു.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നത് പരിഗണിച്ച്, കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടന എന്ന ആശയമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും മുന്നോട്ടുവെക്കുന്നത്. ‘സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റായി കൂടുതല്‍ ഊര്‍ജസ്വലനായ ഒരു നേതാവിനെയാണ് ആവശ്യം, ഒരു നേതാവ് പറഞ്ഞു. കുറച്ചുകാലമായി യുവാക്കളെ അവഗണിക്കുകയാണ്. സുധാകരന്റെ ആരോഗ്യവും ഒരു പ്രശ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ സുധാകരനെ പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയാല്‍, കെ.പി.സി.സി. ഭാരവാഹികള്‍ക്കൊപ്പം മറ്റു പദവികളിലും മാറ്റം വരുത്തണമെന്നാണ്, സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസിന് നിലവില്‍ 22 കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ട്. കെ.പി.സി.സി. ട്രഷറര്‍, ഒരു വര്‍ക്കിങ് പ്രസിഡന്റ്, രണ്ട് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.