Latest News From Kannur

വിഴിഞ്ഞം വിജിഎഫ് ഗ്രാന്റ്: മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി; തുക ലാഭവിഹിതമായി തിരിച്ചടക്കണമെന്ന് കേന്ദ്രം

0

ന്യൂഡൽഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ലാഭവിഹിതമായി തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം ലഭിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനും വരുമാന വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

വിജിഎഫുമായി ബന്ധപ്പെട്ട തീരുമാനം പിന്‍വലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്ര ധനമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജിഎഫ് തുക ലഭിക്കണമെങ്കില്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം (എന്‍പിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. 2034ല്‍ സംസ്ഥാനത്തിന് തുറമുഖത്തില്‍ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം നല്‍കണമെന്നാണ് ആവശ്യം.

ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശയില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 – 12000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1411 കോടിരൂപ അനുവദിച്ചത് തിരിച്ചുനല്‍കേണ്ടെന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന വിഴിഞ്ഞത്തിനും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യംചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നു. തൂത്തുക്കുടി തുറുമുഖം വിഒസി പോര്‍ട്ട് അതോറിറ്റിയുടേതാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഇതുവരെ ഒരു പദ്ധതിയിലും കേന്ദ്രം വിജിഎഫ് തിരികെ ചോദിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ഉദ്ഘാടനത്തിനുമുന്‍പുതന്നെ വിഴിഞ്ഞത്ത് 70 കപ്പല്‍ വന്നുപോയി. ഇതില്‍ 50 കോടിരൂപയ്ക്കു മുകളില്‍ ജിഎസ്ടി ആയി കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്നാണ് കേരളം വ്യക്തമാക്കുന്നത്.

 

 

 

 

 

Leave A Reply

Your email address will not be published.