മയ്യഴി- ആഖ്യാനവും വ്യാഖ്യാനവും: എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ 50-ാം വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലര്‍ന്ന മാന്ത്രികാഖ്യാനത്തിലൂടെ വായനക്കാരുടെ മനസ്സു കീഴടക്കിയ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ ക്ക് അമ്പത് വയസ്സു പൂര്‍ത്തിയാവുകയാണ്. എം. മുകുന്ദന്‍ 1974-ല്‍ രചിച്ച ഈ പുസ്തകം മലയാളത്തിലെ എല്ലാ തലമുറയിലെയും വായനക്കാര്‍ ആവേശത്തോടെ നെഞ്ചോടുചേര്‍ത്തു. മലയാളസാഹിത്യത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഈ സുന്ദരസൃഷ്ടിയുടെ അമ്പതാം വാര്‍ഷികം കേരള സാഹിത്യ അക്കാദമി സമുചിതം ആഘോഷിക്കുകയാണ്. 2024 നവംബര്‍ 25-ന് മയ്യഴി ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 25ന് വിവിധ പരിപാടികള്‍ നടക്കും. രാവിലെ 9 മണിക്ക് ടാഗോര്‍ പാര്‍ക്കില്‍ ചിത്രകാര സംഗമം. പൊന്ന്യം ചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ടി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും. അസീസ് മാഹി, നാരായണന്‍ കാവുമ്പായി, കെ.സി. നിഖിലേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചതിരിഞ്ഞ് 1:30ന് പ്രഭാഷണങ്ങള്‍. മയ്യഴി : ഭാഷയും ഘടനയും എന്ന വിഷയത്തില്‍ ഇ.വി. രാമകൃഷ്ണനും മയ്യഴി : മലയാളനോവലിന്റെ വഴിത്തിരിവ് എന്ന വിഷയത്തില്‍ കെ.വി. സജയ്‌യും പ്രഭാഷണം നടത്തും. വി.എസ്. ബിന്ദു അധ്യക്ഷത വഹിക്കും. എം.കെ. മനോഹരന്‍, ഉത്തമരാജ് മാഹി എന്നിവര്‍ സംബന്ധിക്കും.
വൈകീട്ട് 3:30ന് 50-ാം വാര്‍ഷികസമ്മേളനം. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേഷ് പറമ്പത്ത് എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരിക്കും. ഡോ. കെ.പി. മോഹനന്‍, പ്രിയ എ.എസ്., ഇ.പി. രാജഗോപാലന്‍, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് എം. മുകുന്ദന്റെ മറുമൊഴി. സംഘാടകസമിതി ചെയര്‍മാന്‍ ഡോ.എ.വത്സലന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ. ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 6 ന് ഇ.എം. അഷ്‌റഫ് തിരക്കഥ രചിച്ച് സംവിധാനം നിര്‍വ്വഹിച്ച ബോണ്‍ഴൂര്‍ മയ്യഴി എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കും. എം. മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്‌കാരമാണ് പ്രമേയം.
മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബ് & ലൈബ്രറി, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.