ലേബർ കോഡുകള്‍ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും.
ജനുവരി ഒമ്ബതിന് ദില്ലിയില്‍ ദേശീയ തൊഴിലാളി കണ്‍വെൻഷനില്‍ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഉടൻ അവസാനിപ്പിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്രം കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്‍ 2025 റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, കാർഷിക-ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും ഒരുപോലെ ബാധിക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലില്‍ നിന്ന് സർക്കാർ പിന്തിരിയണം. ഇൻഷ്വറൻസ് മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിലും ട്രേഡ് യൂണിയനുകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവോർജ്ജ മേഖല ആഭ്യന്തര-വിദേശ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത നടപടിയെ ട്രേഡ് യൂണിയനുകള്‍ രൂക്ഷമായി വിമർശിച്ചു. സിഐടിയു (CITU), ഐഎൻടിയുസി (INTUC), എഐടിയുസി (AITUC), എച്ച്‌എംഎസ് (HMS), എഐയുടിയുസി (AIUTUC), ടിയുസിസി (TUCC), സേവ (SEWA), എഐസിസിടിയു (AICCTU), എല്‍പിഎഫ് (LPF), യുടിയുസി (UTUC) എന്നീ സംഘടനകളുടെ ഐക്യവേദിയാണ് ഈ പണിമുടക്ക് തീരുമാനത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്.