Latest News From Kannur

ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

0

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. തിരുവനന്തപുരം എഴാം നമ്പർ ആഡീ. സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് നടപടി.

ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നായിരുന്നു കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞു മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പൊലീസിനോടും പരാതിക്കാരി ആവര്‍ത്തിച്ചു.

തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി..

Leave A Reply

Your email address will not be published.