Latest News From Kannur

ജല ബജറ്റ്; കണ്ണൂര്‍ ബ്ലോക്ക് തല ശില്പശാല നടത്തി

0

കണ്ണൂർ :  നവകേരളം കര്‍മ്മപദ്ധതി 2ന്റെ ഭാഗമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന ജല ബജറ്റ് പദ്ധതിയുടെ മുന്നോടിയായുള്ള ബ്ലോക്ക് തല ശില്പശാല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സി ഡബ്ല്യൂ ആര്‍ ഡി എം കോഴിക്കോടിന്റെ സാങ്കേതിക സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത്, അതില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്തിനെ ശുദ്ധജല സമൃദ്ധിയിലേക്ക് എത്തിക്കുകയാണ് ജലബജറ്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഭൂഗര്‍ഭജലത്തിന്റെ കാര്യത്തില്‍ ക്രിട്ടിക്കല്‍ സോണില്‍ പെടുന്ന പ്രദേശമാണ് കണ്ണൂര്‍ ബ്ലോക്ക്. ഈ സാഹചര്യത്തെ മറിക്കടക്കുന്നതിന് ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജല ബജറ്റിലൂടെ സാധിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വികസന സ്ഥിരംസമിതി അധ്യക്ഷ പി വി അജിത അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, സി ഡബ്ല്യൂ ആര്‍ ഡി എം സയന്റിസ്റ്റ് ഡോ. ബി വിവേക്, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പി സുനില്‍ ദത്തന്‍ എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍, സെക്രട്ടറി കെ സീമ, ജോയിന്റ് ബി ഡി ഒ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.