Latest News From Kannur

മലപ്പുറത്ത് വീണ്ടും നിപ; 42 – കാരി ആശുപത്രിയിൽ

0

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിലെ 42-കാരിക്കാണ് രോഗം. ഇവർ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും മരുന്നിനോടു പ്രതികരിക്കുന്നുണ്ട്.

ഇവരുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന ഏഴുപേരുടെ സാമ്പിളുകൾ പരിശോധിച്ചു. ആദ്യഘട്ടത്തിൽ ഫലം നെഗറ്റീവാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

രണ്ടുമക്കൾ, ഭർത്താവ്, മാതാവ്, വാഹനമോടിച്ചയാൾ, ചികിത്സിച്ച ഡോക്ട‌ർ എന്നിവരാണ് അടുത്ത സമ്പർക്കമുള്ളവരുടെ പട്ടികയിലുള്ളത്. ബന്ധുക്കളും പരിസരത്തുള്ളവരുമായ 21 പേരുടെ സാമ്പിളുകൾ പരിശോധിച്ചതും നെഗറ്റീവാണ്. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് 21 ദിവസമായതിനാൽ ഇനിയും പരിശോധന വേണ്ടിവരും. ഇവരിൽ പലർക്കും ചെറിയ പനിയാണ് ലക്ഷണമായി ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസം 25-നാണ് 42-കാരി പനിബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടിയത്.ക്ഷണങ്ങൾ കണ്ട് മേയ് ഒന്നിന് ഡോക്ടർ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെനിന്ന് ശേഖരിച്ച സാമ്പിളുകൾ കോഴിക്കോട്ടെ ലാബിൽ പരിശോധിച്ച് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച പുണെയിലെ വൈറോളജി ലാബിന്റെ ഫലവും വന്നു. രോഗബാധിത വീട്ടിൽനിന്ന് അധികം പുറത്തേക്കു പോകാറില്ല. പരിസരത്തൊന്നും അസ്വാഭാവിക മരണങ്ങളും ഉണ്ടായിട്ടില്ല. എങ്കിലും ഈ മേഖലയിൽ പനി പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. രോഗബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. അയൽവീട്ടിലെ പൂച്ച ഒരു വവ്വാലിനെ പിടിച്ചതായും പിന്നീട് അത് ചത്തതായുമുള്ള വിവരമുണ്ട്. അതിനെത്തുടർന്ന് പൂച്ചയുടെ സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ മേഖല ചക്കയും മാങ്ങയുമടക്കമുള്ള ഫലങ്ങൾ ഉള്ളയിടമാണ്. അതുകൊണ്ടുതന്നെ വവ്വാലുകളുടെ സാന്നിധ്യവുമുണ്ട്. ഇതിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പിൻ്റെ പരിശോധന നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.