Latest News From Kannur

‘രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ല’, മുഡ ഭൂമി കുംഭകോണക്കേസില്‍ സിദ്ധരാമയ്യയുടെ കുരുക്കഴിയുന്നു?

0

മൈസൂരു: മുഡ ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും മേലുള്ള കുരുക്കഴിയുന്നു. അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ ലോകായുക്ത റിപ്പോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് അനുകൂലമാണ് എന്നാണ് റിപ്പോര്‍ട്ട്.

മുഡയുടെ (മൈസൂരു അര്‍ബര്‍ ഡെവലപ്‌മെന്റ് അതോറിറ്റി) കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാല്‍, ഭൂമി അനുവദിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും, നടപടിക്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവാദികള്‍, ഇതില്‍ മുഖ്യമന്ത്രിക്കോ ഭാര്യയ്‌ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ബന്ധമില്ലെന്നുമാണ് മൈസൂരു ലോകായുക്ത എസ്. പി. ഉദേഷ് ഐജിപി. സുബ്രഹ്മണ്യേശ്വര്‍ റാവുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം. 2500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമി അനുവദിക്കുന്നതില്‍ സിദ്ധരാമയ്യ ഇടപെട്ടതിന് തെളിവുകളില്ല. ആരോപണ വിധേയമായ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ തിരികെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേസില്‍ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനുവരി 27ന് കോടതി വാദം കേള്‍ക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.