മാഹി: മാഹിയുടെ ഭാഗമായ മൂലക്കടവിൽ നിലവിൽ 5 പെട്രോൾ പമ്പുകൾ നിലവിലിരിക്കെ കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. മൂലക്കടവിൽ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് 5 പമ്പുകൾക്ക് പുറമെ ഒരു പെട്രോൾ പമ്പ് കൂടി തുറക്കുവാൻ പോകുന്ന സാഹചര്യത്തിലാണ് മറ്റൊരു പെട്രോൾ പമ്പ് കോപ്പാലത്ത് എൻ.ഒ.സി.ക്കായി അപേക്ഷിച്ചിട്ടുള്ളത് – തുടർന്ന് വ്യാഴാഴ്ച്ച രാവിലെ എൻ.ഒ.സി. നൽകുന്നതിലേക്കായി ജോയിൻ്റ് ലാൻഡ് സർവ്വെയ്ക്കായി മാഹിയിൽ നിന്ന് ഭരണാധികാരികൾ നിർദ്ദിഷ്ട സ്ഥലത്ത് എത്തിയപ്പോഴാണ്നാട്ടുകാരുടെപ്രതിഷേധം അറിയിച്ചത്.
റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്, മാഹി പോലീസ് സുപ്രണ്ട്, ഡെപ്യൂട്ടി തഹസിൽദാർ, പൊതുമരാമത്ത്, നഗരസഭാ അധികൃതർ എന്നിവരുടെ സംഘം സർവ്വെയ്ക്കായി എത്തിയപ്പോൾ സ്ത്രീകളടക്കമുള്ള ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധിച്ചു.
കഴിഞ്ഞ ആറു മാസം മുൻപെയാണ് മൂലക്കടവിൽ പുതിയ പെട്രോൾ പമ്പ് അനുവദിക്കുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിച്ചത്. മദ്യശാലയയുടെ അടുക്കള ഭാഗം പമ്പിനോട് ചേർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധിച്ച് മുഖ്യമന്ത്രി, ലഫ് – ഗവർണ്ണറടക്കമുള്ളവർക്ക് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പരാതി നൽകിയിരുന്നെങ്കിലും പമ്പ് തുടങ്ങുവാനുള്ള ഒരുക്കത്തിലായപ്പോഴാണ് തൊട്ടപ്പുറത്ത് മറ്റൊരു പമ്പിന് അനുമതിക്കായി സർവ്വെയ്ക്ക് എത്തിയതിൽ നാട്ടുകാർ രോഷാകുലരാണ് – ആക്ഷൻ കമ്മിറ്റി പ്രസിഡൻ്റും, മുൻ പന്തക്കൽ വാർഡ് കൗൺസിലർ കൂടിയായ കെ.വി.മോഹനൻ ഇനി പുതിയ പമ്പ് മൂലക്കടവിൽ അനുവദിച്ചാലുള്ള ഭവിഷ്യത്ത് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. മൂലക്കടവിൽ 14 മദ്യശാലകളും, നിലവിലെ പെട്രോൾ പമ്പുകളും കാരണമുള്ള ഗതാഗതക്കുരുക്ക്, മലിനീകരണം തുടങ്ങിയ അവസ്ഥകൾ നിലനിൽക്കെ പുതിയ പെട്രോൾ പമ്പുകൾക്ക് വീണ്ടും എൻ.ഒ.സി നൽകിയാൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് അക്ഷൻ കമ്മിറ്റി അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
ഫോട്ടോ – മൂലക്കടവ് കോപ്പാലത്ത് പുതിയ മറ്റൊരു പമ്പിന് എൻ.ഒ.സി. നൽകുന്നതിനുള്ള ആദ്യപടിയായ ജോയിൻ്റ് ലാൻഡ് സർവ്വെ ഉദ്യോഗസ്ഥരോട് പമ്പ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പരാതിപ്പെടുന്നു.