മാഹി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി; യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സമീൽ കാസിം മത്സരിക്കും

മാഹി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി; യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സമീൽ കാസിം മത്സരിക്കും
മയ്യഴി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹി നിയോജക മണ്ഡലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) സ്ഥാനാർത്ഥിയായി പുതുച്ചേരി സംസ്ഥാന യുത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് സമീൽ കാസിം മത്സരിക്കും. പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കെ.എം. കാദർ മോഹിദീന്റെയും സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ് അലി മരയിക്കാർന്റെയും നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
മാഹി മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് പാർട്ടി ഒരുങ്ങുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമായതായും വിലയിരുത്തപ്പെടുന്നു. 2026ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9നാണ് നടക്കുക.
അതേസമയം, തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു ഐയുഎംഎൽ ദേശീയ കമ്മിറ്റി പുതുച്ചേരി യൂണിയൻ ടെറിറ്ററിയിലേക്കുള്ള പാർലമെന്ററി ബോർഡും മാഹി ജില്ലാ പാർലമെന്ററി ബോർഡും രൂപീകരിച്ചു. ചെന്നൈയിൽ നിന്ന് മാർച്ച് 17ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കുന്നത്.
പുതുച്ചേരി യൂണിയൻ ടെറിറ്ററി പാർലമെന്ററി ബോർഡിന്റെ ചെയർമാനായി മുഹമ്മദ് അലി മരൈക്കാർ നിയമിതനായി. ബി.എ. ജിഗിനി മുഹമ്മദ് അലി, ജി. അബ്ദുൽ നാസിർ, പി.ടി.കെ. റഷീദ്, മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ ഹസ്സാൻ, ഇ.കെ. മുഹമ്മദ് അലി, പി. യൂസഫ്, എം.എ.കെ. മുഹമ്മദ് ഷഹാബുദ്ദീൻ, എച്ച്. ഹരിയുല്ല, ടി. എബ്രാഹിം കുട്ടി, വി.കെ. റഫീഖ്, എം. ഉമർ ഫാറൂഖ്, കെ. രാജ മുഹമ്മദ് എന്നിവർ അംഗങ്ങളായും ഉൾപ്പെടുന്നു.
മാഹി ജില്ലാ പാർലമെന്ററി ബോർഡിന്റെ ചെയർമാനായി പി.ടി.കെ. റഷീദ് നിയമിതനായി. എ.വി. ഇസ്മായിൽ, പി. അയൂബ്, ടി. എബ്രാഹിം കുട്ടി, ഇ.കെ. മുഹമ്മദ് അലി, പി. യൂസഫ്, വി.കെ. റഫീഖ് എന്നിവർ അംഗങ്ങളാണ്.
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഈ പാർലമെന്ററി ബോർഡുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.