കേരളത്തിലെ തണ്ണീർത്തട സംരക്ഷണം ഒരു കടങ്കഥയായി മാറുകയാണോ ഡോ.കെ.കെ. രാമചന്ദ്രൻ

കേരളത്തിലെ തണ്ണീർത്തട സംരക്ഷണം ഒരു കടങ്കഥയായി മാറുകയാണോ  ഡോ.കെ.കെ. രാമചന്ദ്രൻ
കണ്ണൂർ :

ഇന്ത്യയിലെ അതിവേഗം ക്ഷയിച്ചുവരുന്ന തണ്ണീർത്തട ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ചുവട് വെയ്പായാണ് 2017 ലെ തണ്ണീർത്തട നിയമങ്ങൾ അവതരിപ്പിച്ചത്. പ്രയോജനപരമായ ഉദ്ദേശ്യങ്ങൾ ഉണ്ടെങ്കിലും ഈ നിയമങ്ങൾക്ക് കാര്യമായ പരിമിതികളുണ്ടെന്ന് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ സെക്രട്ടറി ഡോ.കെ.കെ. രാമചന്ദ്രൻ ഉദ്ബോധിപ്പിച്ചു .വാട്ടർ സാനിറ്റേഷൻ ദിനത്തിൽ കണ്ണൂർ ചിന്മയ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളോട് വെറ്റ്ലാൻ്റ് ഇൻ കേരള എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവദിക്കയായിരുന്നു അദ്ദേഹം.
നദികൾ, അരുവികൾ , തീരദേശ നിയന്ത്രണ മേഖല എന്നിവയുൾപ്പെടെ നിർണായക ആവാസവ്യവസ്ഥകളെ നിയമങ്ങൾ ഒഴിവാക്കുന്നു എന്നത് ഒരു ആശങ്കയാണ്. തണ്ണീർത്തട നിയന്ത്രണങ്ങളുടെ പരിധിയിൽ നിന്ന് സുപ്രധാന ഘടകങ്ങളെ ഒഴിവാക്കുന്നത് സംരക്ഷണ നടപടികളുടെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായ വിടവുകളും ദുർബലമായ നടപ്പാക്കലും ഒഴിവാക്കപ്പെടണം. ആവാസവ്യവസ്ഥയുടെ പരസ്പരബന്ധിത സ്വഭാവം തിരിച്ചറിയുന്ന സമഗ്രമായ സമീപനം സ്വീകരിക്കണം നദികളയും തീരദേശ മേഖലകളെയും സംരക്ഷിക്കാതെ തണ്ണീർത്തടങ്ങളെ മാത്രം സംരക്ഷിക്കുന്നത് പര്യാപ്തമല്ല. തണ്ണീർത്തടങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ സംരക്ഷണത്തിന് 2017 ലെ നിയമങ്ങളുടെ നിലവിലുള്ള ചട്ടക്കൂട് പുന:പരിശോധനക്ക് വിധേയമാക്കി ശക്തിപ്പെടുത്തണമെന്ന് ഡോ. കെ.കെ. രാമചന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂർ ഇന്നർ വീൽ ക്ലബ്ബ് പ്രസിഡണ്ട് ലസിത , ജോയിൻ്റ് സെക്രട്ടറി മിനി ജോർജ് , ട്രഷറർ പ്രസീത എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.