സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റിറോറിയത്തിൽ നടത്തിയ സിറ്റിങിൽ പരിഗണിച്ച പത്ത് പരാതികളിൽ ആറെണ്ണം തീർപ്പാക്കി. മറ്റ് പരാതികളിൻമേൽ തുടർനടപടി ഉടൻ സ്വീകരിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. സിറ്റിങ്ങിൽ പുതിയ ഒരു പരാതിയും ലഭിച്ചു.
ആറളം വീർപ്പാട് സ്വദേശിയായ വയോധിക 2017 മുതൽ അപേക്ഷ നൽകിയിട്ടും പട്ടയം ലഭിച്ചില്ലെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ സമഗ്ര റിപ്പോർട്ട് കമ്മീഷൻ ആസ്ഥാനത്ത് സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാർക്ക് നിർദേശം നൽകി. വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് വയോധികക്ക് പട്ടയം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തഹസിൽദാർ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.
കമ്മീഷന്റെ ഇടപെടലിൽ അംഗപരിമിതനായ പൊക്കുണ്ട് സ്വദേശിക്ക് കെ.എസ്.ആർ.ടി.സിയിൽ അഞ്ച് വർഷത്തെ സൗജന്യ യാത്രാ പാസ് അനുവദിച്ചു. പാസ് നൽകിയതിന്റെ രേഖകൾ അധികൃതർ കമ്മീഷന് സമർപ്പിച്ചു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരിട്ടി കീഴൂർ സ്വദേശിയുടെ വീട് വെക്കാനുള്ള അപേക്ഷയിൽ ഒരു മാസത്തിനുള്ളിൽ ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (എൽ.എൽ.എം.സി) യോഗം വിളിച്ചുചേർത്ത് തീർപ്പ് കൽപ്പിക്കാൻ കൃഷി ഓഫീസർക്കും വീട് നിർമ്മിക്കാനുള്ള അനുമതി എത്രയും പെട്ടെന്ന് നൽകാൻ തില്ലങ്കേരി ഗ്രാമപഞ്ചായത്തിനും കമ്മീഷൻ നിർദേശം നൽകി.
കക്കാട് മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് കൊറ്റാളി സ്വദേശി നൽകിയ പരാതി കമ്മീഷൻ തീർപ്പാക്കി. ഖബറടക്കുന്നതിൽ വിവേചനമുണ്ടെന്ന പരാതിയിൽ വഖഫ് ബോർഡ് സ്ഥലം പരിശോധിച്ചിരുന്നു. സ്ഥലപരിമിതി അല്ലാതെ വിവേചനമില്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പരാതി തീർപ്പാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.