മാഹി: 1991 നവംബർ ബാച്ചിലെ വിമുക്തഭടന്മാരുടെ സ്നേഹസംഗമം വിവിധ പരിപാടികളോടെ നടത്തി. 1997 ൽ ജമ്മു കാശ്മീരിലെ ബാരമുള്ളയിൽ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിമുക്തഭടനും മാഹി സബ് ഇൻസ്പെക്ടറുമായ സുനിൽ പ്രശാന്തിനെ സംഗമത്തിൽ വെച്ച് ശിലാഫലകം നല്കി ആദരിച്ചു. 1971 ൽ ഇന്ത്യ – പാക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടൻ പള്ളൂരിലെ തച്ചരക്കൽ മാധവൻ നമ്പ്യാർ നിലവിളക്ക് കൊളുത്തി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. അർബുദം ബാധിച്ച് മരണപ്പെട്ട വിമുക്ത ഭടനായ ഹവിൽദാർ സുരേന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ചു. ഇ.വി.പ്രഭാകരൻ, ടി.ഷാജി എന്നിവരെ ആദരിച്ചു. ഓണററി ക്യാപ്റ്റൻ ഇ.വി.പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.എസ്.കുഞ്ഞാസ്, ജി.ഷിബു, ടി.വി. കവിരാജ് സംസാരിച്ചു.