പുതുച്ചേരി: കഴിഞ്ഞ ഒരാഴ്ച മുന്നെ പോണ്ടിച്ചേരി ലാസ്പെട്ടിൽ വെച്ച് അവശനിലയിൽ കണ്ടെത്തിയ അജ്ഞാതനായ മലയാളിയെ കേരള പോലിസിനെ ഏൽപ്പിച്ചു. പോണ്ടിച്ചേരി കേരള സമാജം പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഒരാഴ്ചയോളം സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നത്. കോഴിക്കോട് നിന്നു ട്രെയിൻ കയറി പുതുച്ചേരിയിലെത്തിയ കൊല്ലം മുഖത്തല സ്വദേശി എം.ആർ.മണിയെന്ന രാമചന്ദ്രനെ ലാസ്പെട്ടിലെ മാർക്കറ്റിൽ നിന്നാണു കണ്ടെത്തിയത്. യാത്ര പുറപ്പെടാനുള്ള കാരണം വ്യക്‌തമല്ലെന്നും ട്രെയിൻ മാറിക്കയറിയതാകാമെന്നുമാണ് കരുതിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിനു സമീപത്താണ് വീടെന്നും ഭാര്യ നേരത്തേ മരിച്ചതാണെന്നു അറിയാൻ സാധിച്ചത്. 2 വർഷം മുൻമ്പ് കോഴിക്കോട്ടെ അനാഥാലയത്തിലേക്കു താമസം മാറിയിരുന്നു. ഇയാളുടെ പക്കൽ നിന്നു കേരളാ ലോട്ടറി ടിക്കറ്റ് ലഭിച്ചതായും സമാജം പ്രവർത്തകർ അറിയിച്ചു. ലോസ്പേട്ട് പോലീസ് ഓഫീസർ തമിഴരസൻ്റെ നിർദ്ദേശത്താൽ വയോധികർക്കായുള്ള ആരോഗ്യസാമിയുടെ അധീനതയിൽ നടത്തുന്ന ബഡ്‌സ് ഓഫ് ഹെവൻ എന്ന കേന്ദ്രത്തിലാണു താല്ക്കാലികമായി ഇയാളെ താമസിപ്പിച്ചത്. കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തിയെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു.
സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത മാൻ മിസ്സിംഗ് കേസിൽ സ്റ്റേഷൻ ഉദ്യോഗസ്ഥർ കേരള സമാജം പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലെ കെ.ഷിജു, റെജു എന്നീ സീനിയർ പോലീസ് ഓഫീസർമാർക്ക് രാമചന്ദ്രനെ കൈമാറി. കേരള സമാജം പ്രവർത്തകരായ അലക്സാണ്ടർ ജോസഫ്, സിഗേഷ്, പ്രിൻസ്, ഗോപാൽ ശങ്കർ, ജോഷി ശങ്കർ, രതീഷ് കുമാർ എന്നിവരുടെ ആത്മാർത്ഥമായ ഇടപെടലാണ് ഇയാളെ തിരിച്ചറിയാൻ തുണയായത്.