മാഹി : സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ ഫെബ്രുവരി 1 മുതൽ 4 വരെ മാഹി മൈതാനിയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പ്രേമൻ കല്ലാട്ട് അറിയിച്ചു.വാണിജ്യോത്സവം കൂടിയായ ഫ്ളേവേഴ്സ് ഫിയസ്റ്റയിൽ ഭക്ഷ്യോത്പാദക കമ്പനികൾ, ഹോം ബേക്കേഴ്സ്, ഐസ്ക്രീം, വിവിധ പാനിയങ്ങൾ, പായസങ്ങൾ, കാർ നിർമ്മാതാക്കളുടെ ഔട്ലെറ്റുകൾ, നഴ്സറികൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. വിവിധയിനം പാചക മത്സരങ്ങൾ, സിനിമാറ്റിക്ക് സാൻസ്, ഫാഷൻ ഷോ, മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങളും ഫ്യൂഷൻ നൈറ്റ്, കോൽക്കളി, നാടൻപാട്ട്, തിരുവാതിരക്കളി എന്നിവയും നടക്കും.ഫുഡ് ഫെസ്റ്റിവെല്ലിൻ്റെ ലക്ഷ്യം വേറിട്ടതും, തനതുമായ രുചികളെ പരിചയപ്പെടുത്തുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണം കൂടിയാണ്. അപകടം മൂലമോ, പ്രമേഹം പോലുള്ള രോഗങ്ങൾ മൂലമോ അംഗവൈകല്യം സംഭവിച്ചവർക്ക് കൃത്രിമ അവയവം നൽകി സഹായിക്കുമെന്ന് ഭാരവാഹികളായ പി.സി.ദിവാനന്ദൻ, സജിത്ത് നാരായണൻ, രാജേഷ് വി ശിവദാസ്, മുഹമ്മദ് സർഫാസ്, കെ.വിവേക് എന്നിവർ വാർത്ത സമ്മേളത്തിൽ അറിയിച്ചു.