പാനൂർ :അക്കാദമിക വിദ്യാഭ്യാസം വെറും ആഭരണം മാത്രമാണെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് നമ്പൂതിരിപ്പാട്.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ.എസ്.എസ്.പി.യു പാനൂർ ബ്ലോക്ക് സാംസ്കാരിക സദസും, വനിതാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ജോലിക്കും മാഹാത്മ്യമുണ്ട്. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ ഈശ്വരനായി കാണണം. അക്കാദമിക് വിദ്യാഭ്യാസം ആഭരണം മാത്രമാണെന്ന് പുതിയ തലമുറ തിരിച്ചറിയണമെന്നും പീയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.വനിതാ വേദി പാനൂർ ബ്ലോക്ക് കൺവീനർ പി. വിമല ടീച്ചർ അധ്യക്ഷയായി. സാംസ്കാരിക വേദി കണ്ണൂർ ജില്ലാ കൺവീനർ സി.കെ രാഘവൻ നമ്പ്യാർ, പാനൂർ ബ്ലോക്ക് സെക്രട്ടറി പ്രഭാകരൻ പനക്കാട്, മൊകേരി യൂണിറ്റ് സെക്രട്ടറി കെ.രാജു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വനിതാ സംഗമം കണ്ണൂർ ജില്ലാ വനിതാ വേദി കൺവീനർ ടി.ആർ സുശീല ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം വി ഗോവിന്ദൻ, ജോ. സെക്രട്ടറി വി.പി നാണു, പാനൂർ ബ്ലോക്ക് പ്രസി. കെ.നാണു, മൊകേരി യൂണിറ്റ് പ്രസിഡണ്ട് വി.പി അനന്തൻ, ജോ. സെക്രട്ടറി എൻ.കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്കാരിക വേദി കൺവീനർ ജി. കുഞ്ഞിരാമൻ മാസ്റ്റർ കാവ്യകേളിയും, സർഗസൃഷ്ടിയും അവതരിപ്പിച്ചു. കവിതാലാപനം, ഗാനാലാപനം, മറ്റ് സർഗ്ഗസൃഷ്ടികളുടെ അവതരണം, കൈകൊട്ടിക്കളി, കരോക്കെ ഗാനാലാപനം എന്നിവയും നടന്നു.