പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞു, മുഖമടിച്ച് വീണ് പരിക്കേറ്റ് യാത്രക്കാരന്‍, പൊലീസുകാരന്റെ കൈ ഒടിഞ്ഞു; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കടന്നെന്ന് പരാതി
കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിക്കാതെ കടന്നുകളഞ്ഞതായി പരാതി. അപകടത്തില്‍ പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ രണ്ടുമണിയോടെ ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കില്‍ വന്ന ആലപ്പുഴ കൊമ്മാടി സ്വദേശി രാജേന്ദ്രന്റെ മകന്‍ അനില്‍ (28), സുഹൃത്ത് രാഹുല്‍ സാബു (29) എന്നിവരെ വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് തടയാന്‍ ശ്രമിച്ചതാണ് അപകടത്തില്‍ ഇടയാക്കിയത്. അപകടത്തില്‍ അനിലിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ കൈ ഒടിയുകയും ചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ സിപിഒ ബിജുമോനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്നു കാട്ടി അനിലിനും രാഹുല്‍ സാബുവിനുമെതിരെ പൊലീസ് കേസെടുത്തു.
കണ്ണമാലി സ്റ്റേഷനിലെ എഎസ്ഐയ്ക്കൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു സിപിഒ വി എ ബിജുമോന്‍. ഇതിനിടെ ബൈക്കിലെത്തിയ അനിലിനെയും രാഹുലിനെയും പൊലീസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ വേഗം കൂട്ടിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വാഹനം നിര്‍ത്താനായി വേഗം കുറച്ചെന്നാണ് രാഹുലിന്റെ വിശദീകരണം. ബിജുമോന്‍ അനിലിന്റെ കൈയില്‍ കയറി പിടിച്ചതോടെ ആക്‌സിലേറ്റര്‍ കൂടി ബൈക്ക് തലകുത്തി വീണെന്നും രാഹുല്‍ പറയുന്നു. അനില്‍ മുഖമടിച്ചും ബിജുമോന്‍ കൈ കുത്തിയുമാണ് വീണത്.
വീഴ്ചയില്‍ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു. അനിലിന്റെ മൂക്കിന്റെ പാലം തകരുകയും 34 പല്ലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാഹുലിന് കാര്യമായ പരിക്കില്ല. പിന്നാലെ സിപിഒ ബിജുമോനെ മാത്രം വാഹനത്തില്‍ കയറ്റി പൊലീസ് പോയി എന്നാണ് പരാതി. അനിലിന് ഗുരുതരമായി പരിക്കുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും രാഹുല്‍ പറഞ്ഞെങ്കിലും പൊലീസ് അത് അവഗണിച്ച് സ്ഥലത്തു നിന്നു പോയി എന്നാണ് ആരോപണം.
തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബൈക്കില്‍ തന്നെ അനിലിനെ തന്റെ പിന്നില്‍ ഇരുത്തി ഷര്‍ട്ടുകൊണ്ട് കെട്ടിവച്ച് രാഹുല്‍ 20 കിലോമീറ്റര്‍ ഓടിച്ച് ചെട്ടികാട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ അനിലിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബിജുമോന്റെ കൈക്ക് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി. ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.