Latest News From Kannur

പതിമൂന്നാമത് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്കു വർണ്ണോജ്ജ്വലമായ തുടക്കം

0

വടകര : ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേള (SIACF)യുടെ പതിമൂന്നാമത് എഡിഷൻ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തിൽ ഓരോ വർഷവും കേരളം റെക്കോർഡ് ഇടുകയാണെന്നും, കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയെന്നും അതാണ് ഈ രംഗത്തു നാം കൈവരിച്ച മാറ്റമെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേർക്കാഴ്ചയായ ഈ മേള അതുകൊണ്ടുതന്നെ ഒരു ടൂറിസം വേദികൂടിയാണ്. വിദേശസഞ്ചാരികളെ ഉൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ഈ വൈദഗ്ധ്യം പകർന്നുനൽകാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്. ക്രാഫ്റ്റ് വില്ലേജിന്റെയും കോഴിക്കോടിന്റെയും ഡെസ്റ്റിനേഷൻ ബ്രാൻഡിംഗിനുകൂടി ഇത്തരം മേളകൾ സഹായകരമാകും.

വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഇരുന്നൂറിലധികം കലാകാരൻമാർ വൈവിദ്ധ്യമാർന്ന കരകൗശലോത്പന്നങ്ങളുമായിമേളയിൽ പങ്കെടുക്കുന്നു. പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വിൽപ്പനയിലൂടെയും അവയെ സജീവമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകൾ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാരർക്കു വരുമാനം, തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യാൻ ഇതു സഹായകരമാകും. സാംസ്കാരികപങ്കാളിത്തത്തിലേക്കു നീങ്ങുന്ന ആഴത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേള നമ്മുടെ ടൂറിസം മേഖലയ്ക്കു മുതലൽക്കൂട്ടായി മാറുകയാണെന്നും കേരളത്തിലെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിലേക്കു നീങ്ങുകയാണ്. 2026-ൽ ലോകത്തു കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളിൽ ഇന്ത്യയിൽനിന്നുള്ള ഏക ഡെസ്റ്റിനേഷനായി കഴിഞ്ഞ ദിവസം റഫ് ഗൈഡ്സ് എന്ന ട്രാവൽ കമ്പിനി കേരളത്തെ അടയാളപ്പെടുത്തി. ട്രാവൽ – ലിഷർ മാഗസിൻ വായനക്കാരിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ഏറ്റവും മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി കേരളത്തെ രണ്ടാഴ്ച മുമ്പു തെരഞ്ഞെടുത്തു. നേരത്തെ ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ ഇവരെല്ലാം കേരളത്തെ ലോകടൂറിസം മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തി. ഇങ്ങനെ ഓരോ മേഖലയിലും അന്താരാഷ്ട്രതലത്തിൽ കേരളത്തെ സഞ്ചാരികൾ അടയാളപ്പെടുത്തിത്തുടങ്ങിയതാണു കേരളം ഉണ്ടാക്കിയ മുന്നേറ്റമെന്നും ഉത്തരവാദിത്ത ടൂറിസത്തിൽ ലോകമാതൃകയായി കേരളത്തെ വിദഗ്ദ്ധർ അടയാളപ്പെടുത്തുകയാണ്. സിനി ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച്, ഡെസ്റ്റിനേഷൻ വെഡിംഗ്, നൂതന ബീച്ച് ടൂറിസം പദ്ധതികൾ, നൂതന സാഹസികടൂറിസം പദ്ധതികൾ, പൈതൃകടൂറിസം, ഇങ്ങനെ ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു.

ആപത്തായി വളരുന്ന മയക്കുമരുന്നുകൾക്കു പകരം സന്തോഷവും വിനോദവും പകരാൻ കലകൾക്കു കഴിയുമെന്നും ഇത്തരം മേളകൾക്കു യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നും അദ്ധ്യക്ഷനായ ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു.

നബാർഡ് സോണിന്റെ ഉദ്ഘാടനം നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമല നിർവഹിച്ചു. പയ്യോളി മുനിസിപ്പൽ കൗൺസിലർ പി. കെ. സാബിറ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, നബാർഡ് കോഴിക്കോട് ഡെവലപ്മെന്റ് മാനേജർ വി. രാകേഷ്, നിഫ്റ്റ് കണ്ണൂർ ഡയറക്ടർ അഖിൽ കുമാർ കുൽശ്രേഷ്ഠ, ഐസിസിഎൻ ജനറൽ സെക്രട്ടറി ഡോ. വി. ജയരാജൻ, മലബാർ ടൂറിസം കൗൺസിൽ വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട്, കെ.ടി. വിനോദൻ, കെ. ശശിധരൻ, ബഷീർ മേലടി, സി. പി. രവീന്ദ്രൻ, രാജൻ കൊളായിപ്പാലം, യു.ടി. കരീം, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ എന്നിവർ ആശംസ നേർന്നു. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി സ്വാഗതവും സർഗാലയ സീനിയർ ജനറൽ മാനേജർ ടി. കെ.രാജേഷ് നന്ദിയും പ്രകാശിപ്പിച്ചു.

 

Leave A Reply

Your email address will not be published.