മാഹി: വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കാനുള്ള പുതുച്ചേരി സർക്കാറിന്റെ നടപടിക്കെതിരെ മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസ് മുമ്പാകെ കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തി.മയ്യഴിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ നോക്കുകുത്തികളാക്കി വിരമിച്ച അധ്യാപകരെ വീണ്ടും നിയമിച്ച് മയ്യഴിയിലെ യുവതിയുവാക്കളുടെ ഭാവി നശിപ്പിക്കുന്ന പുതുച്ചേരി ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് ഈ സമരമെന്നും വിരമിച്ച അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് പുതിയ നിയമനം നടത്തുന്നത് വരെ യൂത്ത് കോൺഗ്രസ് സമരരംഗത്ത് ഉണ്ടാകുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രെജിലേഷ് പറഞ്ഞു. ഇനിയും സർക്കാർ ഇത്തരം നിയമനങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സമരം പുതുച്ചേരിയിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരം ഉൽഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി.വിനോദൻ പറഞ്ഞു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, സെക്രട്ടറിമാരായ അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി,സുരേഷ്,സന്ദീപ്,മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ സ്വാഗതവും, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു. ശ്യാംജിത്ത് പാറക്കൽ, ബാബു എ.പി,വിവേക്, ശ്രീജേഷ് വളവിൽ,ഷെജിൻ, ഉൻഷീർ, മിഥുൻ, ജയ്സൺ, ജിഷ്ണു, രഞ്ജിത്ത്, അനൂപ്, ലിജോയി, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.