തൃക്കാക്കരയിൽ ഇടപെട്ട് ഹൈക്കോടതി; നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ടതിൽ വിശദീകരണം തേടി
കൊച്ചി: തൃക്കാക്കര നഗരസഭയുടെ പ്രവർത്തനം തടസപ്പെടാൻ ഇടയാക്കിയ കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം തേടി ഹൈക്കോടതി.
വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പോലീസ് സംരക്ഷണമുറപ്പാക്കണമെന്ന ഉത്തരവ് കർശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരസഭ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം നഗരസഭയിൽ മുൻപ് പ്രതിഷേധം സംഘടിപ്പിച്ചത് പുറത്ത് നിന്നുള്ളവരാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇപ്പോൾ പ്രതിഷേധം നടക്കുന്നത് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആണെന്നും സർക്കാർ ബോധിപ്പിച്ചു.
അതേസമയം തൃക്കാക്കരയിലെ പണക്കിഴി വിവാദം അവസാനമില്ലാതെ തുടരുകയാണ്. ബഹളങ്ങൾക്കിടയിൽ ഈ മാസം ഒൻപതിന് നഗരസഭ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. തർക്കങ്ങൾ പരിഹാരം ആകാതെ യോഗം നടക്കുകയാണെങ്കിൽ വീണ്ടും അത് വലിയ ബഹളം അതിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഇടപെടാനാണ് പോലീസിൻറെ നീക്കവും ഹൈക്കോടതിയുടെ നിർദേശവും.
ഇതിനിടെ ഇവിടെ പ്രതിപക്ഷത്തിനെതിരെയും ആയുധങ്ങൾ തിരയുകയാണ് യുഡിഫും. ഇതിനുവേണ്ടി കഴിഞ്ഞ ഭരണത്തിലെ പഴയ കണക്കുകളും അതിലെ അഴിമതി ആരോപണങ്ങളും തിരഞ്ഞു. പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് പഴയ ആരോപണങ്ങളെ പരാതിയാക്കി പുതുക്കി എടുത്ത് അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നത്. ഇതിനായി എൽ ഡി എഫ് കാലത്ത് കൊണ്ടുവന്ന എൽ ഇ ഡി ലൈറ്റുകൾ, നഗരസഭാ ഓഫീസ് നവീകരണം , റോഡ് ടാറിങ് തുടങ്ങിയവയിലെ കണക്കുകൾ കഴിഞ്ഞദിവസം ശേഖരിച്ചു . ഇവയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് വിജിലൻസിന് പരാതി നൽകി.
ചട്ടം ലംഘിച്ചാണ് പല പ്രവർത്തികളും പൂർത്തീകരിച്ചിട്ടുള്ളതെന്നും നവീകരിച്ച ഓഫീസ് ചോർന്നൊലിക്കുന്നത് അഴിമതിയുടെ ഭാഗമാണെന്നും യു ഡി എഫ് പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന നഗരസഭ യോഗത്തിൽ ഇക്കാര്യങ്ങൾ വിജിലൻസ് അന്വേഷണത്തിന് വിടാൻ തീരുമാനിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല . ഇപ്പോൾ പണകിഴി വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കാൻ യു ഡി എഫ് തീരുമാനിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന സമരം മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല എന്നാണ് ഭരണ പ്രതിപക്ഷങ്ങൾ പറയുന്നത്. ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമരവും ബഹളങ്ങളും പോലീസിൻറെ വലിയ സാന്നിധ്യവും മൂലം തൃക്കാക്കര നഗരസഭ ഇപ്പോൾ പ്രശ്‌നബാധിത മേഖലയായാണ് ജനങ്ങൾക്ക് തോന്നുന്നത്.