‘ചിതാഗ്‌നി’ എത്തി: ഉറ്റവരുടെ ചിതയ്ക്ക് ഇനി മുതൽ ദൂരദേശത്ത് ഇരുന്നും ഓൺലൈനായി തീ കൊളുത്താം
കണ്ണൂർ: ഉറ്റവരുടെ ചിതയ്ക്ക് തീകൊളുത്താൻ ഇനി മുതൽ വിദേശത്തിരുന്ന് ഓൺലൈനായി തീകൊളുത്താം. ‘ചിതാഗ്‌നി’ എന്നപേരിൽ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാർ. സതേൺ ഇലക്ട്രിക് ആൻഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാർ.
കോൽവിളക്കിന്റെ രൂപത്തിലുള്ളതാണ് ‘ചിതാഗ്‌നി’ എന്ന ഇലക്ട്രോണിക് ഉപകരണം. മുന്നിൽ ഒരു ലോഹപ്പാത്രം, ഉപകരണം ചിതയ്ക്കുതൊട്ടടുത്ത് വെക്കുന്നു, ദൂരദേശത്തുള്ള ബന്ധുവിന് വീഡിയോ കോളിലൂടെ രംഗം കാണാം. സമയമായാൽ അദ്ദേഹം ഒരു നമ്പർ ഡയൽ ചെയ്യുകയോ ടച്ച് സ്‌ക്രീനിൽ തൊടുകയോ ചെയ്താൽ ചിതയ്ക്കുസമീപംവെച്ച ഉപകരണത്തിൽനിന്ന് തീ കത്തി ചിതയിലേക്കുപടരും.
മരിച്ചയാളുടെ മക്കളോ മരുമക്കളോ എത്ര പേരുണ്ടെങ്കിലും ഏതുരാജ്യങ്ങളിലായാലും ഒരേസമയം ചിതയ്ക്ക് തീകൊളുത്താം. ഉദ്ഘാടനങ്ങൾക്കും മറ്റും ഓൺലൈനായി നിലവിളക്ക് തെളിയിക്കാനുള്ള സംവിധാനവും പ്രദീപ് കുമാർ വികസിപ്പിച്ചിട്ടുണ്ട്.