Latest News From Kannur

മുന്നൊരുക്കമില്ലാതെ റോഡ് അടച്ചിടുന്നതിൽ ശക്തമായ പ്രതിഷേധം

0

മാഹി : മാഹി സ്‌പിന്നിങ്ങ് മിൽ റോഡിൽ ദേശീയ പാതയിൽ അടിപാത നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് മാഹിയിലേക്കും, ചൊക്ലിയിലേക്കുമുള്ള ഗതാഗതം അടച്ചിടാനുള്ള തീരുമാനത്തിൽ ബഹുജനരോഷം ശക്തമായി. അടച്ചിടുന്നതോടെ അത് വഴിയുള്ള വാഹനങ്ങൾ സർവിസ്റോഡ് വഴിയാണ് കടന്ന് പോകുക. നിലവിൽ സർവീസ് റോഡ് വീതികുറഞ്ഞതും ചിലയിടങ്ങളിൽ പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണ്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കുണ്ടാകുമെന്നുറപ്പാണ്. പോരാത്തതിന് ഇരുഭാഗത്തും നിരവധി പെട്രോൾ പമ്പുകളുമുണ്ട്. ഭാര വാഹനങ്ങളടക്കം വൺവേയായ ഇടുങ്ങിയ സർവ്വീസ് റോഡ് വഴി കടന്നുപോകേണ്ടി വരുന്നതിനാൽ ഒഴിയാക്കുരുക്കായി മാറുo. വിവിധ രാഷ്ട്രീയ പാർട്ടികളും ജനശബ്ദം മാഹി ഭാരവാഹികളും ഇക്കാര്യം മാഹി റീജ്യണൽ അഡ്മിനിസ്റേറ്ററെ ധരിപ്പിക്കുകയുണ്ടായി. അടിയന്തരമായും സർവീസ് റോഡ് വീതി കൂട്ടി അറ്റകുറ്റപണികൾ തീർത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം വാഹനങ്ങൾ കടന്ന് പോകാനുള്ള സൗകര്യങ്ങൾ ചെയ്ത‌് കൊടുക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മാഹി അഡ്മിനിസ്റ്റേറ്ററെ നേരിൽകണ്ട് ആവശ്യപെട്ടു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്കെ.മോഹനന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് പി.പി വിനോദൻ, ജനറൽ സിക്രട്ടറി കെ. ഹരിന്ദ്രൻ, സിക്രട്ടറി ഷാജു കാനത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി ശ്രീജേഷ് പള്ളൂർ എന്നിവർ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു, ബദൽ സംവിധാനം ഉറപ്പ് വരുത്താതെ റോഡ് അടച്ചിട്ടാൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് മുന്നറിയിപ്പ് നൽകി.

Leave A Reply

Your email address will not be published.