*അഴിയൂർ നാലാം വാർഡ്: റെയിൽവേ സ്റ്റേഷൻ – പുളിയേരി നട റോഡ് പരിസരത്ത് റോഡ് സൈഡ് ക്ലീനിംഗ് പ്രവർത്തനം തുടരുന്നു*
അഴിയൂർ :
നാടിന്റെ ശുചിത്വവും ആരോഗ്യകരമായ ജീവിതപരിസരവും ഉറപ്പാക്കുന്നതിനായി അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി സംഘടിപ്പിച്ച സേവനപ്രവർത്തനം ഇന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വിജയകരമായി നടന്നു.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും പുളിയേരി നട പരിസരം വരെ വ്യാപിച്ച പ്രദേശങ്ങളിൽ, പൊട്ടി പൊളിഞ്ഞ റോഡുകളിലെ കുഴികൾ താത്കാലികമായി കല്ലും മണ്ണും ഉപയോഗിച്ച് അടയ്ക്കുകയും, റോഡ് സൈഡിലെ കാടുകൾ വെട്ടിത്തെളിയിച്ച് ഇടുങ്ങിയ ഭാഗങ്ങൾ ശുചീകരിക്കുകയും ചെയ്തു. ഇതോടെ ഗതാഗതത്തിന് കൂടുതൽ സൗകര്യം ഒരുക്കാനായി.
വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സന്നദ്ധ സേവാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ ശുചിത്വ ബോധവത്കരണവും നടത്തി.
“ശുചിത്വമാണ് നാടിന്റെ അഭിമാനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ പ്രവർത്തനം പ്രദേശവാസികൾ അഭിനന്ദനത്തോടെ ഏറ്റെടുത്തു. ശുചീകരണ പ്രവർത്തനത്തിന് സഹകരിച്ച എല്ലാ നല്ല മനസ്സുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.
ഓരോ ആഴ്ചകളിലും ഈ സേവനപ്രവർത്തനം വാർഡിലെ മുഴുവൻ പ്രദേശങ്ങളിലും ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു….