Latest News From Kannur

ദേശീയപാത നിർമാണം: ചോമ്പാലിൽ സംരക്ഷണ ഭിത്തി നെടുകെ പിളർന്നു; വൻ അപകടഭീതിയെന്ന് പരാതി

0

അഴിയൂർ: ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുന്നതിനിടെ ചോമ്പാലിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയിൽ വലിയ വിള്ളൽ. ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർപാസിനും മധ്യേ നിർമ്മിച്ച ഭിത്തിയാണ് നെടുകെ പിളർന്നത്. നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുഞ്ഞിപ്പള്ളി അണ്ടർപാസിനായി ഇരുഭാഗങ്ങളിലും റോഡ് ഉയർത്തിയിരുന്നു. ഇതിൽ സർവീസ് റോഡിന് സമീപമുള്ള ഭിത്തിയാണ് തകർച്ചാഭീഷണിയിലായത്. നിലവിൽ ഈ ഭാഗങ്ങളിൽ മണ്ണ് നിറക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. മണ്ണ് നിറച്ച് ഭാരം വർധിക്കുന്നതോടെ സംരക്ഷണ ഭിത്തി പൂർണ്ണമായും തകരാൻ സാധ്യതയുണ്ടെന്നും ഇത് മറ്റ് ഭാഗങ്ങളിൽ സംഭവിച്ചത് പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും ആശങ്കയുണ്ട്. റോഡ് നിർമ്മാണ കമ്പനിയുടെ എൻജിനീയറിങ് വിഭാഗം ഈ ഗൗരവകരമായ പ്രശ്നത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. തകർന്ന സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.