കണ്ണൂർ ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.
എറണാകുളം മുനമ്ബം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പില്‍ ഹൗസില്‍ എൻ. പ്രകാശൻ (60) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
മാഹി, അഴിയൂർ മേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു വരികയായിരുന്നു പ്രകാശൻ. വെള്ളിയാഴ്ച പുലർച്ചെയാണ് കട വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് കരിങ്കല്ല് കൊണ്ട് അടിയേറ്റതാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട കരിങ്കല്ല് പൊലിസ് കണ്ടെടുത്തു.പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പാെലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.