ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള കര്‍ശന വ്യവസ്ഥകള്‍ ഈ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
2020 മുതല്‍ തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും വിചാരണ നടപടികള്‍ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴുപേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവില്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രത്യേകം പരിശോധിച്ച ശേഷമാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തില്‍ കോടതി എത്തിയത്. കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവകരമാണെന്നും സുപ്രീം കോടതി അറിയിച്ചു.
2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്. ഡല്‍ഹി കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.