Latest News From Kannur

ചുമ മരുന്ന് കഴിച്ച് കുട്ടികളുടെ മരണം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് ചുമ മരുന്നുകള്‍ നല്‍കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര നിര്‍ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഫ് സിറപ്പ് സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൃക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന ‘ഡൈത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എത്തലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.