ന്യൂഡല്‍ഹി: തന്റെ കൈയില്‍നിന്ന് ഒരു ബക്കറ്റ് പാല്‍ നിലത്തുവീണതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിഹാര്‍ സ്വദേശി. രാഹുലിന്റെ പ്രസംഗം കേട്ട് ഞെട്ടിയെന്നും ലിറ്ററിന് 50 രൂപ വിലയുള്ള തന്റെ കൈയിലുണ്ടായിരുന്ന അഞ്ച് ലിറ്റര്‍ പാല്‍ നിറച്ച ബക്കറ്റ് താഴെ വീണുവെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.
‘ബി.ജെ.പിയും ആര്‍.എസ്.എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബി.ജെ.പിയുമായും ആര്‍.എസ്.എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്ന’ രാഹുലിന്റെ പരാമര്‍ശം കേട്ട് ഞെട്ടിയെന്നും പരാതിക്കാരനായ മുകേഷ് കുമാര്‍ ചൗധരി പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പു ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നും ബിഹാറിലെ സമസ്തിപൂര്‍ സ്വദേശി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയിലെ കോട്ല റോഡില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
‘ബി.ജെ.പിയും ആര്‍.എസ്.എസ്സും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തിരിക്കുകയാണെന്നും ഇപ്പോള്‍ നമ്മള്‍ ബി.ജെ.പിയുമായും ആര്‍.എസ്.എസ്സുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണെന്നുമായിരുന്നു’ രാഹുലിന്റെ പരാമര്‍ശം.