മാഹി: മാഹി പി.ഡബ്ല്യു.ഡിയിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റ്ന്റ് എഞ്ചിനിയർ ഉൾപ്പെടെ മറ്റ് ഒഴിവുള്ള തസ്‌തികകളിലും ഉടൻ നിയമനം നടത്തണമെന്ന് പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ മാഹിയിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലഭ്യമല്ലാത്തതിനാൽ ഡിപ്പാർട്ട്മെന്റിന്റെ പതിവ് ജോലികളായ ബീംസ് റിലീസ്, ബില്ലുകൾ, എഗ്രിമെന്റുകൾ, സ്റ്റേറ്റ്‌മെന്റുകൾ, ഇ.ഒ.ടികൾ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ എന്നിവ വൈകുകയാണ്. പുതുച്ചേരിയിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ മാഹിയിലെ ജോലികൾ കൂടി നോക്കുന്നതിനാൽ അദ്ദേഹത്തിന് മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ മാഹിയിൽ ഹാജരാകാൻ സാധിക്കുകയുള്ളു. ഇതുമൂലം വകുപ്പിന്റെ മുഴുവൻ ജോലികളും വൈകുന്നു. മാഹിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ലഭ്യത വളരെ അത്യാവശ്യമാണ്. മാഹി പി.ഡബ്ല്യു.ഡി. യിൽ റോഡ്, വാട്ടർ സപ്ലൈ, ബിൽഡിംഗ്‌സ് എന്നിവയുടെ ജോലികൾ നോക്കുന്നത് ഒരു അസിസ്റ്റന്റ് എഞ്ചിനീയർ മാത്രമാണ്. മാഹി മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെ ചുമതലയും ഏക അസിസ്റ്റന്റ് എൻജിനീയർക്കാണ്. ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജോലികളെ പ്രതികൂലമായി ബാധിക്കുന്നു. വർക്ക് ബില്ലുകൾ യഥാസമയം പാസാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ വളരെയധികം കഷ്ട്‌ടപ്പെടുന്നു. അതിനാൽ പൊതുതാൽപ്പര്യം കണക്കിലെടുത്ത് മാഹി പി.ഡബ്ല്യു.ഡിയിലേക്ക് ഒരു മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതിനും മറ്റ് ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് പുതുച്ചേരി ലഫ്. ഗവർണ്ണർക്ക് നൽകിയ നിവേദനത്തിൽ സത്യൻ കേളോത്ത്, ടി.എ. ബൈജു എന്നിവർ ആവശ്യപ്പെട്ടു.