Latest News From Kannur

തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

0

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 23000ത്തില്പരം അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച. പഞ്ചായത്തി രാജ്, നഗരപാലിക ഭരണസംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന ഏഴാമത്തെ ഭരണസമിതികളാണ് അന്നേദിവസം അധികാരമേൽക്കുന്നത്. 1995-ലെ ഗാന്ധിജയന്തി ദിനത്തിലാണ് ‘അധികാരം താഴേത്തട്ടിലേക്ക്’ എന്ന സന്ദേശമുയർത്തി സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി പഞ്ചായത്തി രാജ്, നഗരപാലിക നിയമപ്രകാരം അധികാര കൈമാറ്റം നടത്തിയത്. പൊതുവേദികളിലായിരുന്നു അന്ന് അധികാര കൈമാറ്റവും സത്യപ്രതിജ്ഞാ ചടങ്ങുകളും നടന്നത്. മട്ടന്നൂർ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച്‌ പുതിയ ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാർഥികളുടെ മരണം മൂലം മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതൊഴിച്ചാൽ ബാക്കി എല്ലായിടങ്ങളിലെയും മെംബർമാർ 21-ന് പ്രതിജ്ഞയെടുക്കാനുണ്ടാകും. 2020 ഡിസംബർ 21-ന് ചുമതലയേറ്റ നിലവിലെ ഭരണസമിതികളുടെ കാലാവധി നാളെ അവസാനിക്കുകയാണ്. തൊട്ടടുത്ത ദിവസം പുതിയ ഭരണസമിതി ചുമതലയേൽക്കണമെന്നതാണ് ചട്ടം. അതാത്, തദ്ദേശസ്ഥാപന ഭരണസമിതിയിലെ ഏറ്റവും മുതിർന്ന അംഗമാണ് ആദ്യം ചുമതലയേറ്റെടുക്കുന്നത്. വരണാധികാരി മുതിർന്ന അംഗത്തെ പ്രതിജ്ഞയെടുപ്പിക്കും. പിന്നീട് മുതിർന്ന അംഗം വാർഡ് ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 1995-ലെ ആദ്യ ഭരണസമിതി അധികാരത്തിലെത്തുമ്പോൾ ഒന്നാം വാർഡ് അംഗം ആദ്യ സത്യപ്രതിജ്ഞ ചെയ്യണമെന്നതായിരുന്നു ചട്ടം. ഇതിന്റെ പേരിൽ ചില തർക്കങ്ങളും രാഷ്ട്രീയ പിടിവാശികളും ഉണ്ടായപ്പോഴാണ് മുതിർന്ന അംഗമെന്ന തീരുമാനവുമായി ചട്ടം ഭേദഗതി ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്ന ഓരോ അംഗവും തങ്ങളുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കി രജിസ്റ്ററിൽ ഒപ്പിട്ട് നൽകണം. മത്സരസമയത്ത് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം നൽകിയവരും സത്യപ്രതിജ്ഞ ചെയ്തശേഷം രാഷ്ട്രീയ കക്ഷി, മുന്നണി ബന്ധം വ്യക്തമാക്കി ഒപ്പിടണം. സ്വതന്ത്രരായി ജയിച്ചവർക്കും തങ്ങൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ മുന്നണിയുടെയോ ഭാഗമാണോയെന്നതു വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിടണം. തത്സമയ വാർത്ത /ഇത്തരത്തിൽ രേഖപ്പെടുത്തുന്ന സത്യവാങ്മൂലമാണ് തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നത്. സ്വതന്ത്രർ അടക്കം രാഷ്ട്രീയബന്ധം വ്യക്തമാക്കിക്കഴിഞ്ഞാൽ അതാത് രാഷ്ട്രീയ കക്ഷിയോ മുന്നണിയോ നൽകുന്ന വിപ്പ് പാലിക്കാൻ ബന്ധപ്പെട്ട മെംബർ ബാധ്യസ്ഥമായിരിക്കും. ഇതിനു വിപരീതമായി പ്രവർത്തിക്കുകയോ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ മെംബർ അയോഗ്യതാ നടപടികൾ നേരിടേണ്ടിവരും. 2020-25 കാലയളവിൽ 63 മെംബർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ അയോഗ്യരാക്കിയിട്ടുണ്ട്. മെംബർമാരുടെ കൂറുമാറ്റം സംബന്ധിച്ച പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖവിലയ്ക്കെടുക്കുന്നതും കക്ഷിബന്ധ രജിസ്റ്ററായിരിക്കും. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്തും രാഷ്ട്രീയകക്ഷികൾ തങ്ങൾക്കൊപ്പമുള്ള എല്ലാ മെംബർമാർക്കും രേഖാമൂലം വിപ്പ് നൽകും. പ്രതിജ്ഞയെടുത്ത് ഒപ്പുവെച്ച ശേഷമേ ഒരാൾക്ക് മെംബറായിരിക്കാൻ യോഗ്യത ലഭിക്കുകയുള്ളൂ. 26, 27 തീയതികളിൽ നടക്കുന്ന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളില് വോട്ടവകാശം ലഭിക്കുന്നതും മെംബറായി സത്യപ്രതിജ്ഞ ചെയ്തശേഷമാകും. 21-ന് സത്യപ്രതിജ്ഞ ചെയ്യാനാകാത്തവർ ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിജ്ഞയെടുക്കാനുള്ള അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർ 30 ദിവസത്തിനകം അധ്യക്ഷന് മുമ്പാകെ പ്രതിജ്ഞയെടുത്ത് അധികാരമേറ്റെടുത്തില്ലെങ്കിൽ അവരുടെ അംഗത്വം നഷ്ടപ്പെടും. കാരണമില്ലാതെ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാത്തവരുടെ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷൻ പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.