‘പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ല’; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറിയ അപകടം ഉണ്ടായത് റീല്‍സ് ചിത്രീകരണത്തിനിടെ
കണ്ണൂര്‍: പിണറായിയില്‍ കഴിഞ്ഞദിവസം സ്ഫോടക വസ്തു കൈയ്യില്‍ നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറിയ സംഭവം റീല്‍സ് ചിത്രീകരണത്തിനിടെ. കനാല്‍കര സ്‌നേഹാലയത്തില്‍ വിബിന്‍രാജിന്റെ കൈപ്പത്തിയാണ് റീല്‍സ് ചിത്രീകരണത്തിനിടെ ചിതറിത്തെറിച്ചത്. റീല്‍സ് ചിത്രീകരിക്കുന്ന വീഡിയോയും പുറത്തുവന്നു. എന്നാല്‍ ബോംബ് നിര്‍മാണത്തിനിടെ, സ്‌ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്ഐആര്‍. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. അപകടത്തില്‍ യുവാവിന്റെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നായിരുന്നു വിബിന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഉഗ്രശേഷിയുള്ള, അനധികൃതമായി നിര്‍മിച്ച സ്‌ഫോടക വസ്തുവാണ് കയ്യിലുണ്ടായിരുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കത്തിച്ച് എറിയുന്നതിനിടെ സ്‌ഫോടക വസ്തു കൈയില്‍ നിന്ന് പൊട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ നിര്‍മിച്ച പടക്കമാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയതെന്നായിരുന്നു് ഇ. പി. ജയരാജന്‍ പറഞ്ഞത്. ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത് എന്നും കെട്ടുപടക്കങ്ങള്‍ ചില സമയങ്ങളില്‍ അപകടം ഉണ്ടാക്കാറുണ്ട് എന്നും ജയരാജന്‍ പറഞ്ഞിരുന്നു.