Latest News From Kannur

മയ്യഴിയുടെ പ്രതാപം തിരിച്ചുപിടിക്കും: ലഫ്. ഗവർണ്ണർ

0

മയ്യഴി: മയ്യഴിയുടെ വികസന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാവുമെന്നും പഴയ പ്രതാപകാലത്തേക്ക് മയ്യഴിയെ എത്തിക്കാനാവുമെന്നും പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ പറഞ്ഞു. ചുവപ്പ് റേഷൻ കാർഡ്, പട്ടയം, പെൻഷനുകൾ, ദീപാവലി അരി തുടങ്ങിയവയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. കുറച്ച് കാലമായി മാഹിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. തുടർന്നാണ് മുടങ്ങിക്കിടന്ന പദ്ധതികളും പരിപാടികളുമൊക്കെ പൂർത്തിയാക്കാൻ നടപടികൾ തുടങ്ങിയത്.
മാഹി ഗവ. ജനറൽ ആശുപത്രിയെ ആധുനിക സംവിധാനങ്ങളുമുള്ള ഏറ്റവും മികച്ച ആശുപത്രിയായി ഉയർത്തും.
മയ്യഴിയെ വലിയ വ്യാപാര കേന്ദ്രമാക്കാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമാണ് പുതുച്ചേരിയിൽ ഗംഭീരമായി നടക്കുന്ന വ്യാപാരോത്സവം മാഹിയിലും തുടങ്ങിയത്. വിനോദസഞ്ചാര രംഗത്ത് മയ്യഴിയിൽ ഒരുപാട് പദ്ധതികളാണ് വരാൻ പോകുന്നത്. പുഴയോര നടപ്പാതയുടെ ബാക്കി പ്രവൃത്തി ഉടനെ പൂർത്തിയാക്കും. അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ ടെണ്ടർ ഉടനെ വിളിക്കും. ഏറെ നാളായി മുടങ്ങിയിരുന്ന 10 കിലോ ദീപാവലി സൗജന്യ അരി വിതരണ പദ്ധതി തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കൽ മയ്യഴിയിൽ എത്തി വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. മത്സ്യ ബന്ധന തുറമുഖത്തിൻ്റെ ബാക്കിയുള്ള പ്രവൃത്തിയും ഉടനെ പൂർത്തിയാക്കും. കേരള ഹാർബർ എൻജിനിയറിങ്ങ് വകുപ്പാണ് ഇതിൻ്റെ ഡി.പി.ആർ തയ്യാറാക്കുന്നത്. ഡി.പി.ആർ ലഭിച്ചാൽ കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് തുറമുഖം പൂർത്തിയാക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കും. വിവിധ പെൻഷനുകൾ, പട്ടയം, ചുവപ്പ് റേഷൻ കാർഡ്, ദീപാവലി സൗജന്യ അരി എന്നിവ വിതരണം ചെയ്തു. വ്യാപാരോത്സവവും ലഫ്. ഗവർണർ ഉദ്ഘാടനം ചെയ്തു. വാഹനാപകടത്തിൽ മരിച്ച വളവിൽ കടപ്പുറത്തെ അജയൻ്റെ ഭാര്യ ലിനി അജയൻ മത്സ്യ സംബദയോജന ഇൻഷൂറൻസ് പദ്ധതിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപ ഏറ്റുവാങ്ങി. ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. പുതുതായി ചുമതലയേറ്റ ഐ.എ.എസുകാരൻ കൂടിയായ കാഴ്ച പരിമിതിയുള്ള നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗിനെ ലഫ്. ഗവർണ്ണർ ആദരിച്ചു. ഡി.മോഹൻകുമാർ, നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.