മാഹി ബസിലിക്ക തിരുനാൾ ആഘോഷത്തിന് കൊടിയേറി-മലബാറിലെ തന്നെ ആദ്യ ബസലിക്കയായി ഉയർത്തിയ ശേഷമുള്ള അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷം
മാഹി : ദക്ഷിണ ഭാരതത്തിലെ പ്രമുഖ ബസിലിക്ക തീർത്ഥാടന കേന്ദ്രമായ അത്ഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള മാഹി ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ വാർഷിക തിരുനാൾ മഹോത്സവത്തിന് കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ഡോ.ജെൻസൻ പുത്തൻവീട്ടിൽ പ്രാർത്ഥന ചടങ്ങുകളോടെ പതാക ഉയർത്തുകയും ശേഷം 12 മണിക്ക് മയ്യഴി അമ്മയുടെ അത്ഭുത തിരുസുരൂപം നിരവധി വൈദികരുടെയും പാരിഷ് പാസ്റ്ററൽ കൗൺസിൽ, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും സഹ വികാരി ഫാ. നോബിൾ ജൂഡ് എം ജെ സി പി , മയ്യഴിയിലെ പൗരാവലിയുടെയും ഇടവക ജനങ്ങളുടെയും മറ്റു തീർത്ഥാടകരുടെയും വിശ്വാസികളുടെയും സന്നിധ്യത്തിൽ പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
മാഹി എംഎൽഎ രമേശ് പറമ്പത്ത്, മാഹി സൂപ്രണ്ട് ഓഫ് പോലീസ് ജി.ശരവണൻ , സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, മുൻ മന്ത്രി ഈ .വത്സരാജ്, മാഹിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായി.
വൈകുന്നേരം 6 മണിക്ക് രൂപത വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ സഘോഷമായ ദിവ്യബലി നടന്നു. സെന്റ്. പീറ്റേഴ്‌സ് കുടുംബയൂണിറ്റ് ദിവ്യബലിക്ക് നേതൃത്വം നൽകി. തുടർന്ന് നൊവേനയും അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശീർവാദവും നടന്നു.
ഒക്ടോബർ 6 ന് ഞായറാഴ്ച വൈകുന്നേരം 6മണിക്ക് റവ. ഫാ. പോൾ എ. ജെ. യുടെ മുഖ്യ കർമികത്വത്തിൽ സഘോഷമായ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.