മനേക്കരയിൽ ഏപ്രിൽ മാസം കണ്ടെത്തിയ 35 പെരുമ്പാമ്പിൻ മുട്ടകളും വിരിഞ്ഞു ; പാമ്പുകളെ കണ്ണവം കാട്ടിൽ വിടും
പാനൂർ : പാലക്കാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനായ മനേക്കര കുനിയാമ്പ്രത്തെ പാളിൽ വികാസിൻ്റെ പറമ്പിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെയും മുട്ടകളും പിടികൂടിയത്. ഫോറസ്റ്റ് വാച്ചറായ ബിജിലേഷ് കോടിയേരിയാണ് മുട്ടകൾ സംരക്ഷിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 16നാണ് കുട്ടികൾ കളിക്കുന്നതിന് സമീപം വച്ച് വികാസ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചർ ബിജിലേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊട്ടപ്പുറത്തെ പറമ്പിനോട് ചേർന്ന കുഴിയിൽ 35 പെരുമ്പാമ്പിൻ്റെ മുട്ടകളും കണ്ടെത്തി. കുഴിയിൽ നിന്നും മുട്ടകൾ ശ്രദ്ധയോടെ പെട്ടിയിലേക്ക് മാറ്റിയ ബിജിലേഷ് തൊട്ടപ്പുറത്തെ കുഴിയിലേക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പിനെ ഏറെ സമയമെടുത്ത് പിടികൂടുകയും ചെയ്തു. പിടികൂടിയ പെരുമ്പാമ്പിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. തുടർന്ന് മുട്ടകൾ ഫോറസ്റ്റ് ഓഫീസർമാരുടെ നിർദ്ദേശപ്രകാരം ബിജിലേഷ് തൻ്റെ സംരക്ഷണയിൽ സൂക്ഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുട്ടകൾ വിരിയാൻ തുടങ്ങിയത്. തിങ്കളാഴ്ച്ചയായപ്പോഴേക്കും 35 മുട്ടകളും പൂർണ്ണമായും വിരിഞ്ഞു. നേരത്തെയും പെരുമ്പാമ്പിൻ മുട്ടകൾ ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് 35 മുട്ടകൾ ഒന്നിച്ച് ലഭിച്ചതെന്നും, ഇവയെ കണ്ണവം കാട്ടിൽ തുറന്നുവിടുമെന്നും ബിജിലേഷ് പറഞ്ഞു.1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന പാമ്പാണ് പെരുമ്പാമ്പ്. ഇവയെ ഉപദ്രവിക്കുന്നത് 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പിൻ്റെ ലൈസൻസുള്ളവർക്ക് മാത്രമെ പാമ്പുകളെ പിടികൂടാൻ അധികാരമുള്ളൂവെന്നും, കൂടുതൽ വിവരങ്ങൾ വനം വകുപ്പ് പുറത്തിറക്കിയ സർപ്പ ആപ്പിലൂടെ ലഭിക്കുമെന്നും ബിജിലേഷ് പറഞ്ഞു.മറ്റൊരു റസ്ക്യുവറായ യാഗേഷ് കൃഷ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.