Latest News From Kannur

കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍

0

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച് സത്യവാങ്മൂലം നല്‍കാനാണ് സിബിഐയുടെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും സിഎജിയോടും കോടതി മറുപടി തേടിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തേക്കും. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷണത്തിനായി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇഡി അന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു.

അതിനിടെ, സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി. ക്രിസ്മസ് അവധിക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 30 വീണ്ടും പരിഗണിക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും വാങ്ങിയത് ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ, തനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടായി. പ്രായശ്ചിത്തമായി പണവും സ്വര്‍ണവും ശബരിമലയില്‍ സമര്‍പ്പിച്ചു. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. തന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തത് ശബരിമലയിലെ സ്വര്‍ണം അല്ലെന്നും, എസ്‌ഐടി ഭീഷണിപ്പെടുത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു എന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ജ്വല്ലറി ഉടമ ഗോവര്‍ധനെയും കഴിഞ്ഞ ദിവസമാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.