Latest News From Kannur

കലാഗ്രാമത്തിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യം പകർത്തി; ജീവനക്കാരനായ യുവാവിനെതിരെ പരാതി, യുവാവിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി

0

ന്യൂ മാഹി : ന്യൂ മാഹി കലാഗ്രാമത്തിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ജീവനക്കാരനായ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ ശുചിമുറിക്ക് പുറത്ത് നിന്നും സംശയകരമായ രീതിയിൽ ഇയാളെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കലാഗ്രാമം ജീവനക്കാരനായ വിനോദിനെതിരെയാണ് പരാതി.

സംഭവത്തെ തുടർന്ന് ബന്ധപ്പെട്ടവർ ന്യൂ മാഹി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സൻഹിത 2023-ലെ 77-ാം വകുപ്പ്, കേരള പോലീസ് ആക്ട് 2011-ലെ 119(b) വകുപ്പ് എന്നിവ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ 20 നാണ് സംഭവം നടന്നത്. ഉപയോഗിച്ച മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ ആരോപണ വിധേയനായ വിനോദിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതായി ഓഫീസ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്ന സംഭവമായതിനാൽ നിയമനടപടികൾ കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണ പുരോഗതിക്കനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.