കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാകരന് മുന്നില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുവേള കോണ്‍ഗ്രസില്‍ നിന്ന് ഡിഐസി രൂപീകരിച്ച് പുറത്തേക്ക് പോയി, ശേഷം വീണ്ടും അകത്തേക്ക്. എന്നാല്‍, എത്രകാലം കഴിഞ്ഞാലും ലീഡര്‍ എന്ന വിളിപ്പേരും ആ രാഷ്ട്രീയ ജീവിതവും ചരിത്രത്തില്‍ അവശേഷിക്കും.
പെയ്ന്റിംഗിലും ഡിസൈനിംഗിലും ഡോള്‍ഡ് മെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയ കണ്ണൂര്‍ക്കാരനായ കണ്ണോത്ത് കരുണാകരന്‍ ഒരു കലാകാരനായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1930കളുടെ ആരംഭമാണ് സമയം. ഗാന്ധിയുടെ ആഹ്വാനത്തില്‍ രാജ്യത്തെമ്പാടും സിവില്‍ നിയമലംഘന സമരം നടക്കുകയാണ്. ഈ കാലത്താണ് രാഷ്ട്രീയത്തില്‍ മുന്‍ പരിചയമൊന്നും ഇല്ലാത്ത കരുണാകരന്‍ ഐഎന്‍ടിയുസിക്ക് വേണ്ടി ചുവരെഴുത്തുകള്‍ എഴുതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
1965ലെ തിരഞ്ഞെടുപ്പ് വിജയമാണ് കരുണാകരന്റെ ജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ല്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മാളയില്‍ ഇടത് സ്ഥാനാര്‍ഥിക്കുമേല്‍ മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കരുണാകരന്‍ അട്ടിമറി വിജയം നേടി. 1991വരെ ഏഴു തവണകളിലായി മാളയില്‍ എതിരാളികളെ അപ്രസക്തമാക്കി കരുണാകരന്‍ തുടര്‍ന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതിന് ശേഷം ഉണ്ടായ രാഷ്ട്രീയ തിരിച്ചടിയും കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 111 സീറ്റ് നേടി വിജയിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. അതിന് ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കോഴിക്കോട് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങിലെ വിദ്യാര്‍ഥി രാജനെ 1976ല്‍ പൊലീസ് ഉരുട്ടി കൊന്നതാണ്.
1995ല്‍ നാലാം തവണ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ വ്യാജ ചാരക്കേസില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് നേരിടേണ്ടിവന്നു. എ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുക്കം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളിയായ എകെ ആന്റണിയുമായുള്ള വിയോജിപ്പുകളെ തുടര്‍ന്ന് 2005ല്‍ കരുണാകരന്‍ ഒരു കടുത്ത തീരുമാനം എടുത്തു. കരുണാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഡിഐസി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ ഡിഐസി പരീക്ഷണം വിജയിച്ചില്ല. ഒടുവില്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2007ല്‍ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നു.
കരുണാകരന്റെ നര്‍മബോധം എക്കാലവും ചര്‍ച്ചചെയ്യപ്പെടുന്നതാണ്. താഴ്ന്ന ശബ്ദത്തില്‍ സൗമ്യമായി നര്‍മം ചാലിച്ചുള്ള കരുണാകരന്റെ സംസാരം അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയുടെ ഭാഗം കൂടിയായി പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ലീഡര്‍ എന്ന വിളിപ്പേരും കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതവും ഒരു റഫറന്‍സ് ഗ്രന്ഥമായി നിലനില്‍ക്കും.