ചരിത്രദൗത്യം ഏറ്റെടുത്തവര്‍ക്ക് അഭിവാദ്യങ്ങള്‍.’ ; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോഗ്യ കേരളത്തിന്റെ ചരിത്രത്തിലെ ആവേശകരമായ ഒരു മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാജ്യത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന ബഹുമതി ഇനി എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഷിബുവിന്റെ ഹൃദയം എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷിബുവിന്റെ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ അവയവദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച കുടുംബം വലിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കേരളം അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ – മുഖ്യമന്ത്രി വ്യക്തമാക്കി.
ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനി ദുര്‍ഗയയ്ക്കാണ് മാറ്റിവെക്കുന്നത്.
വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ദുര്‍ഗ ചികിത്സയിലാണ്. ഹൃദയസംബന്ധമായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന രോഗത്തിനടിമയാണ് യുവതി. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരന്‍ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്.