പാനൂർ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രാജ്യത്തെ പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുന്നു എന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് പറഞ്ഞു. കൂത്തുപറമ്പ് നിയോജകമണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് നടന്ന 17 ലോകസഭാ തിരഞ്ഞെടുപ്പുകളെക്കാൾ ഏറെ പ്രാധാന്യവും വ്യത്യസ്തവും പ്രസക്തിയും ഉള്ള തെരഞ്ഞെടുപ്പാണ് 2024 തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പിന് മുമ്പേ ഫലം വ്യക്തമായി പ്രവചിക്കാൻ സാധിക്കുന്നു. വികസനവും ജനക്ഷേമവും ലക്ഷ്യമാക്കിയാണ് എൻഡിഎ പ്രവർത്തിക്കുന്നത്. കേരള ജനത പുതിയ രാഷ്ട്രീയം ആഗ്രഹിക്കുന്നുണ്ട്. വികസിത കേരളം സാക്ഷാത്കരിക്കാൻ മോദിയുടെ ഗ്യാരന്റി പ്രകാരം കേരളത്തിൽ മാറ്റം വരും. എൻഡിഎക്ക് ഇത്തവണ സീറ്റും വോട്ടിംഗ് ശതമാനവും വർദ്ധിക്കും. കേരളം എൻഡിഎ ക്ക് അസാധ്യമായതോ അപ്രാപ്യമായതോ അല്ല. അത്ഭുതകരമായ മുന്നേറ്റം കേരളത്തിൽ നടത്തും. കേരള ജനത 400 + ന്റെ കൂടെയോ 40 + ന്റെ കൂടെയോ ഏതിനോടൊപ്പം ആണ് എന്നതാണ് ചോദ്യം. നേരത്തെ പി. കെ കൃഷ്ണദാസ് നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ.ഷിജിലാൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് എന്നിവർ പ്രസംഗിച്ചു. ബിജെപി മണ്ഡലം ജന: സെക്രട്ടറി വി.പി ഷാജി സ്വാഗതവും ബിഡിജെഎസ് മണ്ഡലം പ്രസിഡൻറ് എം .കെ രാജീവൻ നന്ദിയും പറഞ്ഞു.