മാഹി: മാഹി ചീഫ് എജ്യുക്കേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന പി പുരുഷോത്തമൻ സർവ്വീസിൽ നിന്നും വിരമിക്കുന്നു. ജവഹർലാൽ നെഹ്റു ഗവ. സെക്കൻ്ററി സ്കൂൾ വൈസ് പ്രിൻസിപ്പാൾ ആയിരുന്നു. കഴിഞ്ഞ ആറ് മാസമായി വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷന്റെ ചുമതല വഹിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ സ്ഥാനം പ്രസന്ന മുഖത്തോടെ ശ്രദ്ധേയമാക്കി സി.ബി.എസ്.ഇ കാലത്തിൻ്റെ ശൈശവഘട്ടത്തിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പിന് ഉറച്ച കാലടികളുടെ മുന്നേറാൻ കരുത്ത് പകർന്ന അമരക്കാരനായിരുന്നു പി പുരുഷോത്തമൻ. നാട്ടുകാരുടെ പ്രിയപ്പെട്ട പുരുഷു മാഷ്. 1989 ൽ ഭാഷാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം. 1999ൽ നേരിട്ട് ഹയർ സെക്കൻഡറി അധ്യാപകനായി. തുടർന്ന് 2021ൽ വൈസ് പ്രിൻസിപ്പൽ ആയി. 35 വർഷത്തെ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും മാഹിയിൽ തന്നെയായിരുന്നു. അധ്യാപക പരിശീലനം കോഴിക്കോട്ടും. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മയ്യഴിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജീവിതം ആരംഭിച്ച പുരുഷു മാസ്റ്ററുടെ മുഖമുദ്ര ലാളിത്യവും സൗമ്യതയുമാണ്. പ്രതിസന്ധികളിൽ പതറാതെ വിദ്യാഭ്യാസ രംഗത്തി കുതിപ്പിന് കരുത്തു പകരാനുള്ള ആർജ്ജവം മാസ്റ്റരുടെ സവിശേഷതകളിൽ പ്രധാനമാണ്. അതിനുള്ള തെളിവായിരുന്നു ഈ തവണത്തെ ബാലകലാമേള. എത്ര കാലം ഔദ്യോഗിക രംഗം നിയന്ത്രിച്ചു എന്നതല്ല , മറിച്ച് തന്നിൽ അർപ്പിതമായ കാലത്തെ ഉത്തരവാദിത്തം എങ്ങനെ നിർവ്വഹിച്ചു എന്നതിൽ അദ്ദേഹം വിജയിച്ചു. അദ്ദേഹത്തിൻ്റെ ആ നിലപാടുകൾ വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഉണർവ്വേകി അദ്ദേഹത്തെ ജനപ്രിയനാക്കി .