Latest News From Kannur

കോൺഗ്രസ്–ഉദ്യോഗസ്ഥ–കരാറുകാരൻ കൂട്ടുകെട്ടിനെതിരെ ബിജെപിയുടെ ശക്തമായ പ്രതിഷേധം; മാഹിയിൽ റോഡ് അഴിമതിക്കെതിരെ പന്തക്കൽ ജംഗ്ഷൻ ഉപരോധിച്ചു

0

മാഹി :
കോൺഗ്രസ് എംഎൽഎയുടെ പിന്തുണയോടെ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നടത്തുന്ന അഴിമതിയും അശാസ്ത്രീയ റോഡ് നിർമാണവും ചോദ്യം ചെയ്ത് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തക്കൽ ജംഗ്ഷനിൽ ശക്തമായ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടന്നു.
വർഷങ്ങളായി കോൺഗ്രസ് ഭരണകാലത്ത് മയ്യഴിയിൽ ടാറിങ് പോലും നടത്താൻ കഴിയാതെ ജനങ്ങളെ ദുരിതത്തിലാക്കിയ പാർട്ടിയാണ് ഇന്ന് എല്ലാ വികസനവും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന തുറന്ന കള്ളപ്രചാരണമാണ് കോൺഗ്രസ് നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
പോണ്ടിച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് മാഹിയിലെ റോഡുകളുടെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര നബാർഡ് ഫണ്ടിൽ നിന്നുൾപ്പെടെ വൻതോതിൽ ധനസഹായം അനുവദിച്ചതെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോണ്ടിച്ചേരിയിലെ ബിജെപി നോമിനേറ്റ് എംഎൽഎമാരുടെ ഇടപെടലിലൂടെ മാഹി പി.ഡബ്ല്യു.ഡി. വകുപ്പിനും മുനിസിപ്പാലിറ്റിക്കും നിരവധി വികസന ഫണ്ടുകൾ ലഭ്യമായതായും നേതാക്കൾ പറഞ്ഞു.
ഈ വികസന പ്രവർത്തനങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാഹിയിലെ കോൺഗ്രസ് എംഎൽഎയും ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ചേർന്ന് റോഡ് നിർമാണങ്ങൾ ബോധപൂർവ്വം അട്ടിമറിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നിലവാരമില്ലാത്ത ടാറിങ് നടത്തി പൊതുമുതൽ കൊള്ളയടിക്കുന്നതിന്റെ ഫലമായി, ടാറിങ് ചെയ്ത് ആറുമാസം പോലും കഴിയാത്ത റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി.
റോഡുകളുടെ ദയനീയ അവസ്ഥ സംബന്ധിച്ച് ജനങ്ങൾ പലതവണ പരാതി നൽകിയിട്ടും എംഎൽഎ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒളിച്ചോടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, കോൺഗ്രസ്–ഉദ്യോഗസ്ഥ–കരാറുകാരൻ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചു. പുതുതായി ടാറിങ് ചെയ്ത റോഡുകൾ ആഴ്ചകൾക്കുള്ളിൽ തകർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴും, എംഎൽഎ പ്രശ്നം മൂടിവയ്ക്കാനാണ് ശ്രമിച്ചതെന്നും നേതാക്കൾ പറഞ്ഞു.
സമീപകാലത്ത് ടാറിങ് നടത്തിയ പന്തക്കൽ–നാഗത്താൻ കോട്ട റോഡ് അശാസ്ത്രീയ നിർമാണത്തിന്റെയും കള്ളപ്പണിയുടെയും ഫലമായി വീണ്ടും റീടാറിങ് ചെയ്യേണ്ടിവന്നത് കോൺഗ്രസിന്റെ വികസനവിരുദ്ധ നിലപാടിന്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു. റീടാറിങ് നടത്തിയിട്ടും നിലവാരമില്ലാത്ത പ്രവൃത്തിയാണ് നടന്നതെന്നും തുടർന്ന് പ്രദേശവാസികളും ബിജെപിയും ചേർന്ന് ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തിയതായും അറിയിച്ചു.
പന്തക്കൽ ജംഗ്ഷനിൽ നടന്ന ഉപരോധത്തിൽ ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. മാഹിയിലെ റോഡുകൾ കോൺഗ്രസ് അഴിമതിയുടെ ഇരയാകുകയാണെന്നും, എംഎൽഎയുടെ ഗുരുതര വീഴ്ചകളും ജനവിരുദ്ധ നിലപാടുകളും തുറന്നുകാട്ടി അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടിയിൽ പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അംഗവളപ്പിൽ ദിനേശൻ, മഗിനേഷ് മഠത്തിൽ, ലദീപ് ഇടയിൽപീടിക, ഷാജിമ ചെമ്പ്ര, രജിത ചെമ്പ്ര, ഷനില പള്ളൂർ, വി.കെ. രാംദാസ്, ദിനേശൻ പന്തക്കൽ, മിഥുൻ കൊറോൾ, രാജേഷ് കെ.പി., സുധാകരൻ പന്തക്കൽ, കാവിൽ രാജൻ, ബിജിൻ പന്തക്കൽ, മഹേഷ് കാട്ടുകുന്നത്ത് എന്നിവർ പങ്കെടുത്തു.
ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ശക്തമായ റോഡ് ഉപരോധത്തെ തുടർന്ന് പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജെപി നേതാക്കളുമായി നടത്തിയ ചർച്ചയിൽ, നിലവിലെ കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ നിയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമാണം നടത്തുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
റോഡ് നിർമാണങ്ങളിൽ ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും, പ്രവൃത്തികൾ പൂർണമായി പൂർത്തിയാകുന്നതുവരെ കർശന മേൽനോട്ടം ഉറപ്പാക്കുമെന്നും പി.ഡബ്ല്യു.ഡി. അധികൃതർ ഉറപ്പ് നൽകിയതായി ബിജെപി അറിയിച്ചു. അഴിമതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കും കരാറുകാരർക്കും എതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Leave A Reply

Your email address will not be published.