Latest News From Kannur

ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി; ജയിലിൽ തുടരണം; ഡൽഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ

0

ന്യൂ ഡൽഹി : ഉന്നാവ് ബലാത്സംഗകേസിൽ കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു‌. ജാമ്യവും റദ്ദാക്കി. സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. കുൽദീപ് സിംഗ് സെൻഗാർ പൊതുപ്രവർത്തകൻ അല്ലാത്തതിനാൽ ഇടക്കാല സംരക്ഷണം നൽകാനാവില്ല എന്നും ഉന്നാവിലെ സാഹചര്യം ഗുരുതരമാണ് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടർന്ന് രണ്ടാഴ്ചക്കകം മറുപടി നല്‌കാൻ ആവശ്യപ്പെട്ട് സെൻഗാറിന് കോടതി നോട്ടീസ് നൽകി.

ഡിസംബർ 23നാണ് ഡൽഹി ഹൈക്കോടതി കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെൻഗാർ ശിക്ഷ ഇളവിന് ഹർജി നൽകിയത്. ഡൽഹിയിൽ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയായിരുന്നു മറ്റ് ഉപാധികൾ.

വലിയ പ്രതിഷേധമാണ് സെൻഗാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ടായത്. അതിജീവിതയും മാതാവും പ്രതിഷേധങ്ങളുടെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

ബിജെപിക്കും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തിയത്. കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചിരുന്നു. പ്രതിക്കായി ഹൈക്കോടതിയിലെ അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകിയിട്ടുണ്ട്. ആറ് പേജുള്ള പരാതിയാണ് നൽകിയത്.

2017ൽ ഉത്തർപ്രദേശിലെ ഉന്നാവോ മേഖലയിൽ അന്ന് ബിജെപി നേതാവും എംഎൽഎയുമായിരുന്ന കുൽദീപ് സിംഗ് സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയിൽവെച്ച് ഉണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുൽദീപിനെതിരെ കേസെടുത്തു. തുടർന്ന് കുൽദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018-ൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചിരുന്നു. ആ കേസിൽ കുൽദീപിനടക്കം ഏഴ് പ്രതികൾക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Leave A Reply

Your email address will not be published.