കണ്ണൂർ : വന്ദേഭാരത് ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കി. തലശ്ശേരിയിലെ കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്.തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നത് കണക്കിലെടുത്താണ് കാസര്‍കോട് നിന്നുള്ള വന്ദേഭാരത് ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയത്.